പി.എസ്.സി ടാക്സ് ഓഫിസർ നിയമനത്തിലും അട്ടിമറി സംശയം

കൊച്ചി: സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പിലെ പി.എസ്.സി നിയമനത്തിലും അട്ടിമറിയെന്ന് സംശയം. ചില സ്വകാര്യ പരിശീലന കേന്ദ്രങ്ങളും ജി.എസ്.ടിയിലെയും പി.എസ്.സിയിലെയും ഉന്നതരുമടങ്ങുന്ന ലോബി സ്റ്റേറ്റ് ടാക്സ് ഓഫിസർ (എസ്.ടി.ഒ) തസ്തികയുടെ പരീക്ഷാ നടത്തിപ്പ് മുതലുള്ള നടപടിക്രമങ്ങളിൽ ആസൂത്രിതമായി ക്രമക്കേട് നടത്തുന്നു എന്ന സംശയമാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രിക്കും എ.ഡി.ജി.പിക്കും വിജിലൻസിനും പരാതി നൽകി.

ജി.എസ്.ടി വകുപ്പിലെ ആദ്യ ഗസറ്റഡ് തസ്തികയാണ് എസ്.ടി.ഒ. 2023 ഏപ്രിൽ 11നാണ് പി.എസ്.സി അവസാനമായി ഇതിലേക്ക് പരീക്ഷ നടത്തിയത്. 26,003 അപേക്ഷകരിൽ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത് 299 പേർ. പതിവിന് വിപരീതമായി എഴുത്ത് പരീക്ഷക്ക് പിന്നാലെ ഉദ്യോഗാർഥികളുടെ യോഗ്യത സംബന്ധിച്ച വൺ ടൈം വേരിഫിക്കേഷൻ കൂടി നടത്തിയ ശേഷമാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്.

അഭിമുഖത്തിന് തൊട്ട് മുമ്പ് 12 പേരെ മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ചുരുക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി. സർട്ടിഫിക്കറ്റ് പരിശോധന ഘട്ടത്തിലൊന്നും തങ്ങൾ അയോഗ്യരാണെന്ന് പി.എസ്.സി ചൂണ്ടിക്കാണിച്ചിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. 277 പേർ അഭിമുഖത്തിൽ പങ്കെടുത്തു.

2024 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ ആദ്യ 37 പേരിൽ 16 പേരും തലസ്ഥാനത്തെ പ്രത്യേക കോച്ചിങ് സെന്‍ററിൽ പരിശീലനം നേടിയവരായിരുന്നു. ചുരുക്കപ്പട്ടികയിൽനിന്ന് അവസാന ഘട്ടത്തിൽ പുറത്തായവരിൽ രണ്ട് പേർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് അനുകൂല ഇടക്കാല വിധി സമ്പാദിച്ചു. 30 ദിവസത്തിനകം ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു ട്രൈബ്യൂണൽ വിധി.

ട്രൈബ്യൂണലിലെ കേസിലും തുടർന്ന് ഹൈകോടതിയിൽ നൽകിയ അപ്പീലിലും, വിവാദ പരിശീലന കേന്ദ്രത്തിൽ പഠിച്ച് റാങ്ക്ലിസ്റ്റിൽ ഇടംപിടിക്കുകയും എന്നാൽ അഡ്വൈസ് മെമ്മോ ലഭിക്കാതിരിക്കുകയും ചെയ്തവരും പി.എസ്.സിക്കൊപ്പം കക്ഷി ചേർന്നിരുന്നു. ഇവർക്ക് പരാതിക്കാരായ ഉദ്യോഗാർഥികളുടെ വിവരങ്ങൾ സ്വകാര്യ കോച്ചിങ് കേന്ദ്രം വഴി ചോർത്തി നൽകി എന്നാണ് മറ്റൊരു ആരോപണം.

സ്ഥാനക്കയറ്റത്തിലെ സീനിയോരിറ്റി സംബന്ധിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥർ നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ നേരിട്ടുള്ള നിയമനത്തിനായി 12 എസ്.ടി.ഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതും സംശയാസ്പദമാണെന്ന് ഉദ്യോഗാർഥികൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഒഴിവുകൾ യഥാർഥത്തിൽ ഉണ്ടായിരുന്നില്ലത്രെ. അതിനാൽ നിയമനം ലഭിച്ചവർക്ക് പുതിയ ഒഴിവ് ഉണ്ടാകുന്നതുവരെ ആനുകൂല്യങ്ങൾ പൂർണമായി ലഭിച്ചില്ല. കേസിന്‍റെ നടത്തിപ്പിന് ജി.എസ്.ടിയിലെ ചില ഉദ്യോഗസ്ഥർ റാങ്ക് ജേതാക്കളിൽ നിന്ന് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ പിരിച്ചതായും ആരോപണമുണ്ട്. കേസ് വിജയിച്ചാൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് അവസരമൊരുങ്ങും എന്ന ഉറപ്പ് നൽകിയായിരുന്നു പണപ്പിരിവ്.

Tags:    
News Summary - Allegations of irregularities in PSC recruitment for GST State Tax Officer post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.