പി. രാജീവ്
ന്യൂഡൽഹി: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാറല്ല, കോടതിയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ്. കേസുകൾ പിൻവലിക്കാൻ സർക്കാറിന് താൽപര്യം പ്രകടിപ്പിക്കാമെങ്കിലും അന്തിമ വിധി പറയേണ്ടത് കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. ശബരിമല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിലും ഇതേ നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിൽ യു.ഡി.എഫ് സർക്കാർ റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് ബദൽ മാർഗം എന്താണെന്ന് അവർ വ്യക്തമാക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ദുരൂഹമാണെന്ന് പി. രാജീവ് ആരോപിച്ചു.
"മുൻപ് കുടിയൊഴിപ്പിക്കൽ നടപടികൾക്കായി 14 തവണ പൊലീസ് വന്ന് മടങ്ങിപ്പോയ സ്ഥലമാണിത്. എന്നാൽ ഇത്തവണ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പൊലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടക്കം ക്രൂരമായി വലിച്ചിഴച്ചാണ് നടപടിയെടുത്തത്." -പി. രാജീവ് പറഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഈ വിഷയം പരിഹരിക്കാൻ സജീവമായി ഇടപെട്ടിരുന്നുവെന്നും ഒഴിഞ്ഞുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അവിടുത്തെ നിവാസികൾ സർക്കാറിനെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും നിലവിലെ അന്വേഷണത്തിന്റെ പോക്ക് നിരീക്ഷിച്ച ശേഷം മാത്രമേ ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണോ അല്ലയോ എന്ന് കൃത്യമായി വിലയിരുത്താൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.