കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നുപേരുടെ അതിദാരുണ മരണത്തിനിടയാക്കിയത് കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ കോർപറേഷന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ സൺഷൈഡാണ് തിങ്കളാഴ്ച രാവിലെ തകർന്ന് വീണത്. കെട്ടിടത്തിന് താഴെ നിലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്‍റുമാണ് മരിച്ചത്.
കെട്ടിടത്തിന് 60 വർഷത്തിലധികം പഴക്കമുണ്ട്. അപകടാവസ്ഥയിലായ കൊട്ടിടം പൊളിച്ചുമാറ്റാൻ കോർപറേഷൻ രണ്ട് വര് മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാപാരികളെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നിട്ടുണ്ടെന്നതും കോർപറേഷൻ അധികൃതരുടെ ഗുരുതരമായ അനാസ്ഥ വിളിച്ചോതുന്നു. കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് കോർപറേഷൻ അധികൃതർ പറയുന്നതെങ്കിലും കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഗാമ ട്രെയ്ഡേഴ്സ് ഉടമ പറഞ്ഞു. തകർന്നു വീണസ്ലാബിനടിയിൽ കുടുങ്ങി മരിച്ച അഷ്‌റഫും ജബ്ബാറും ഗാമ ട്രെയ്ഡേഴ്സ് തൊഴിലാളികളാണ്. അത്തോളി സ്വദേശിയായ ബഷീർ ചരക്ക് ഏജസി നടത്തുന്നയാളാണ്.
12 വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗൺ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ ആറോളം സ്ഥാപനങ്ങളുടെ ഗോഡൗൺ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നാലു ഷോപ്പുകളുടെ സൺഷൈഡാണ് തകർന്നുവീണത്. കെട്ടിടത്തിന്‍റെ മുകൾ നിലയിൽ ഏതാനും ആഴ്ചകൾക്കുമുമ്പ് വരെ ജിം അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
ഈ കെട്ടിടത്തിന്‍റെ എതിർവശത്ത് അഞ്ചുവർഷം മുമ്പ് കെട്ടിടം തകർന്നു വീണിരുന്നു. അന്ന് തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. സ്ലാബ് ചാക്ക് അട്ടികൾക്കു മുകളിൽ വീണതിനാൽ തൊഴിലാളികൾ രക്ഷപ്പെടുകയായിരുന്നു.
ജനത്തിരക്കേറിയ മാർക്കറ്റിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന് അന്ന് തന്നെ ആവശ്യം ഉയർന്നിരുന്നെങ്കിലും കോർപരേഷൻ ഇത് മുഖവിലക്കെടുത്തില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കലാപ്പഴക്കം ചെന്നവയാണെന്നും അവ പുനരുദ്ധരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.