പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കൊറിയര്‍ നടത്തിപ്പിനായി സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. നടത്തിപ്പിലെ പോരായ്മയെ തുടർന്നാണ് നടപടി. കൊറിയർ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചു. കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2023 ജൂണില്‍ ആരംഭിച്ച കൊറിയര്‍ സംവിധാനം വിജയകരമായതിനെ തുടര്‍ന്നാണ് പുറംകരാര്‍ നല്‍കിയത്. നേരിട്ട് നടത്തിയപ്പോള്‍ 1.5 കോടി രൂപയുടെ ലാഭം നേടിയ പദ്ധതിയാണ് 2025 സെപ്റ്റംബറില്‍ ആന്ധ്ര കമ്പനിക്ക് പുറംകരാർ നൽകിയത്.
വിവിധ ഡിപ്പോകളിലായി 44 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. കൃത്യമായി കൊറിയര്‍ എത്തിക്കാത്തത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പുറംകരാര്‍ നല്‍കിയത്. കൊറിയര്‍ തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം നൽകിയിരുന്നില്ല.
2023 മുതൽ കെ.എസ്.ആർ.ടി.സിയിലെ പരിശീലനം ലഭിച്ച ജീവനക്കാരാണ് കൊറിയർ-ലോജിസ്റ്റിക്‌സ് സേവനം വിജയകരമായി നടത്തിവന്നത്. എന്നാൽ, കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരിക്കെ, കഴിഞ്ഞ സെപ്റ്റംബറിൽ സേവനത്തിന്റെ നടത്തിപ്പ് ടെൻഡർ നടപടികളിലൂടെ കമീഷൻ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേക്ക് സിങ്കു സൊല്യൂഷൻസിന് കൈമാറുകയായിരുന്നു.
സ്വകാര്യ ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും സേവനത്തിലെ അനാസ്ഥയും സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായത്. സാധനങ്ങള്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതിരിക്കുക, ഉപഭോക്താക്കളോടുള്ള മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ നിരന്തരമായി ഉയര്‍ന്നിരുന്നു.
കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന ‘പിക്ക് അപ്പ്’, വീടുകളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഡോര്‍ ഡെലിവറി’ സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് കരാര്‍ സമയത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും 11 മാസം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.
സേവനം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് കരാർ കമ്പനിക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.