കൊല്ലം: ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയതെന്നും അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം തരാമെന്ന് പറഞ്ഞു. തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും രഞ്ജി പണിക്കരും അടക്കമുള്ളവര്‍ ചേര്‍ന്ന് അഷ്ടദിക്പാലക ശില്‍പങ്ങളിലും ഒട്ടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. അതിൽ തന്റെ വിയർപ്പിന്റെ അംശം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത്. അതിനു രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണെന്നും താൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠക്കായി സ്വർണം സംഭാവന ചെയ്തതിലേറെയും പ്രമുഖ ചലച്ചിത്രപ്രവർത്തകരും വ്യാവസായിക പ്രമുഖരുമാണ്. എന്നാൽ, സംഭാവന നല്കിയ മുഴുവന്‍ സ്വര്‍ണവും കണക്കിലില്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ്. സിനിമാതാരങ്ങളടക്കം 27 പേർ സ്വർണം നൽകിയെന്ന് മാത്രമാണുള്ളത്. സുരേഷ് ഗോപി, മോഹന്‍ലാൽ, ഷാജി കൈലാസ്, സുരേഷ് കുമാർ ഉൾപ്പെടെ എട്ട് സിനിമാ പ്രവർത്തകർ സ്വര്‍ണം സംഭാവന ചെയ്തെന്ന വിവരമാണുള്ളത്. വ്യവസായ പ്രമുഖരടക്കം പലരും സ്വര്‍ണം കൊടുത്തിട്ടുണ്ട്. പക്ഷെ, ഇതൊന്നും കൃത്യമായി കണക്കിലില്ലെന്ന സൂചനയാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം,'മറ്റേ മോന്‍' പരാമർശത്തിലും സുരേഷ് ഗോപി വിശദീകരണം നൽകി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നുവെന്നും നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം' -സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ സമയം ആയതിനാൽ മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്കതിൽ പരിതപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.