കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് ആണ് ഹരജി സമർപ്പിച്ചത്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ച് സുരേഷ് ഗോപി സമർപ്പിച്ച ഉപഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
ഇതിനിടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ചും സുരേഷ് ഗോപിക്കെതിരെ പരാതിയുണ്ടായിരുന്നു. 2024 ഏപ്രിൽ 26ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ 2025 ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് വോട്ട് ചെയ്തതാണ് ചർച്ചയാകുന്നത്. തൃശൂർക്കാരനാണെന്ന് പറഞ്ഞ സുരേഷ് ഗോപി എങ്ങനെ തിരുവനന്തപുരത്ത് വോട്ട് ചെയ്തുവെന്ന ചോദ്യമാണ് യു.ഡി.എഫും എൽ.ഡി.എഫും ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.