തിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് അഞ്ച് ദിവസമായി മുടങ്ങിക്കിടന്ന റേഷൻ വിതരണം ഇന്നുമുതൽ ഭാഗികമായി പുനരാരംഭിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചക്ക് രണ്ടു മുതൽ ഏഴ് വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മേയ് മൂന്നു വരെ ഈ സമയക്രമം തുടരും. മേയ് 5 വരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടായിരിക്കും. ആറിന് മേയിലെ റേഷൻ വിതരണം ആരംഭിക്കും.
സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി പൂർത്തിയാക്കിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
എൻ.ഐ.സി ഹൈദരാബാദിന്‍റെ നിർദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്. ഇതിനുശേഷം സ്റ്റേറ്റ് ഐ.ടി മിഷന്‍റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി. റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങളുണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ല സപ്ലൈ ഓഫിസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.