രാഹുൽ ഈശ്വർ സഹകരിക്കുന്നില്ല, വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. രണ്ട് കോടതികളിൽ രാഹുൽ ഈശ്വർ ജാമ്യാപേക്ഷ സമർപ്പിച്ചതിനാലാണ് നടപടി. ഏതെങ്കിലും ഒരു അപേക്ഷ പിൻവലിക്കാൻ കോടതി രാ​ഹുലിനോട് ആവശ്യപ്പെട്ടു.

അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരി​ഗണിക്കാനായി മാറ്റിയത്. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കും. ഇത് നിലവിലിരിക്കെയാണ് കീഴ്‌ക്കോടതിയിൽ രാഹുൽ ഹരജി നൽകിയത്.

അതേസമയം, രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുൽ ഈശ്വർ സഹകരിക്കുന്നില്ലെന്നും അതിനാൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും സൈബർ പൊലീസ് കോടതിയെ അറിയിയിച്ചു. നേരത്തേ രണ്ടു ദിവസത്തേക്ക് കോടതി രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

അതേസമയം, ജയിലിൽ നിരാഹാര സമരം നടത്തിവരികയായിരുന്ന രാഹുൽ ഈശ്വറിന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മെഡിക്കൽ കോളജിൽ എത്തിച്ച് ഡ്രിപ് നൽകി ആരോഗ്യം വീണ്ടെടുക്കുന്ന മുറക്ക് ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ആ​രോ​ഗ്യനില മോശമായതിനെ തുടർന്നു അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.

Tags:    
News Summary - Rahul Easwar is not cooperating, police want him back in custody, bail plea to be considered tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.