രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവറെയും സ്റ്റാഫിനെയും കേസിൽ പ്രതിചേർത്ത് പൊലീസ്. രാഹുലിന്റെ ഡ്രൈവർ ആൽവിൻ, സ്റ്റാഫായ ഫസൽ എന്നിവരെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പ്രതിചേർത്തത്. രാഹുലിനെ കർണാടക - തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
പ്രതികളായ രണ്ടുപേരും രാഹുലിന്റെ എം.എൽ.എ ഓഫീസിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്.ഐ.ടി കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. രാഹുലിനെ ഇവർ ബാഗലൂരിൽ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണ്. ഈ കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരിൽ നിന്ന് മറ്റൊരു കാറിലാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നതെന്നാണ് ഇവരുടെ മൊഴി.
ഇന്നലെ ഉച്ചക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് എസ്.ഐ.ടി ഇവരെ വിട്ടയച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം കമീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. കസ്റ്റഡിയിലെടുത്തവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസൽ അബ്ബാസ് പറഞ്ഞു.
അതേസമയം, പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും (രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും) വൈവാഹികനില എന്താണെന്ന് വ്യക്തമായിരുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാം. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് എം.എൽ.എ ഹൈകോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേന നല്‍കിയ ഹരജി ശനിയാഴ്ച കോടതി പരിഗണിക്കും.
അതേസമയം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുരംഗത്തുനിന്ന് മാറ്റിനിർത്തപ്പെടേണ്ട ആളാണ് അയാൾ. രാഹുലിനെതിരെ ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുകയാണ്. വൈകാതെ തന്നെ രാഹുൽ പൊലീസ് പിടിയിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗ കുറ്റത്തിന് ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി? ഇത്തരം കേസുകളിൽ പ്രതികളായ എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നുണ്ടല്ലോ. രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ സൈബർ വെട്ടുകിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് കോൺഗ്രസ് രാഹുലിനെ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും രാഹുലിന് സംരക്ഷിത കവചമൊരുക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.