സുപ്രീംകോടതി
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ ഗവർണറും സംസ്ഥാന സർക്കാറും തമ്മിൽ സമവായമായില്ലെങ്കിൽ വൈസ് ചാൻസലറെ നിയമിച്ച് ഉത്തരവിടുമെന്ന് സുപ്രീം കോടതി. സമവായത്തിലെത്തിയില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച ഉത്തരവിടുമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവർണറുടെ ശിപാർശയെന്നും സുപ്രീം കോടതി രൂപവത്കരിച്ച രണ്ട് സെർച്ച് പാനലുകളിലും ഇരുവരുടെയും പേരുകളുണ്ടെന്നും അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ, ഇതിൽ സിസ തോമസിന്റെ പേര് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും ബോധിപ്പിച്ചു. അതോടെ പ്രശ്ന പരിഹാരത്തിന് ചർച്ച നടത്താൻ നിർദേശിച്ച സുപ്രീം കോടതി സമവായമായില്ലെങ്കിൽ കോടതി നിയമനം നടത്തിക്കോളാം എന്നറിയിക്കുകയായിരുന്നു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലർക്ക് സമർപ്പിച്ച മുൻഗണനാ പട്ടികയിൽ ഡോ. സജി ഗോപിനാഥ് ഒന്നാമതും രാജശ്രീ എം.എസ് രണ്ടാമതുമാണ്. സിസക്കെതിരെ മോഷണക്കുറ്റം അടക്കം നിരവധി ആരോപണങ്ങൾ സർക്കാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രി മുന്നോട്ടുവെച്ച രണ്ടുപേരെയും ഗവർണറും ശക്തമായി എതിർക്കുകയാണ്. ഇരുവരും സി.പി.എം ബന്ധമുള്ളവരാണ്. സജി ഗോപിനാഥ് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നപ്പോൾ കണക്ക് സി.എ.ജി ഓഡിറ്റിങ്ങിന് വിധേയമാക്കിയില്ലെന്നും രാജശ്രീ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി അനധികൃത അദാലത് നടത്തി തോറ്റ എൻജിനീറിയിങ് വിദ്യാർഥികളെ വിജയിപ്പിച്ചുവെന്നും ഗവർണർ ആരോപിക്കുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഗവർണർ ശിപാർശചെയ്ത ഡോ. പ്രിയ ചന്ദ്രൻ, മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ മുൻഗണനാ പട്ടികയിൽ നാലാം സ്ഥാനത്താണ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിൽ ഡോ. സി. സതീഷ് കുമാറാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.