എം.വി. ഗോവിന്ദൻ
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എ. പത്മകുമാറിനെതിരെ നടപടി വരുമെന്നും അന്വേഷണം കഴിയട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത് മുഖം രക്ഷിക്കാനാണെന്നും പത്മകുമാറിന്റെ വിഷയത്തിൽ സി.പി.എമ്മിന് അത്തരം മുഖം രക്ഷിക്കൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ വിഷയം ഏറ്റവും കൂടുതൽ ഉന്നയിച്ചത് കോൺഗ്രസിനകത്താണ്. രാജ്മോഹൻ ഉണ്ണിത്താനും രമേശ് ചെന്നിത്തലയും പറഞ്ഞത് എല്ലാവർക്കും അറിയാം. ജയിലിൽ കഴിയുന്ന പത്മകുമാർ രാഹുലിനെപോലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നില്ല. കേസന്വേഷണം പൂർത്തിയായിട്ടില്ല. എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധന നടത്തി ആവശ്യമായ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഹുലിനെപോലെയുള്ള കേസല്ല നടൻ മുകേഷിന്റേത്. അദ്ദേഹം പാർട്ടിക്കാരനുമല്ല. ആ കേസ് തീർന്നിട്ടില്ല. ശിക്ഷിക്കപ്പെട്ടിട്ടുമില്ല. പിന്നെയെന്ത് നടപടിയെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. പയ്യന്നൂരിൽ സെഷൻസ് കോടതി ശിക്ഷിച്ചയാൾ സ്ഥാനാർഥിയാണല്ലോ എന്ന ചോദ്യത്തിന് അത് അവസാന വിധിയല്ലല്ലോ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
സംസ്ഥാനത്ത് ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നും ഗുരുവായൂരിൽ അന്ന് തിരുവാഭരണം നഷ്‌ടപ്പെട്ടത് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപരവിരോധത്തിന്റെ കേന്ദ്രമാക്കി കേരളത്തെയും മാറ്റാനുള്ള ശ്രമമാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയെയും ചേർത്ത് ഒരു മുന്നണിയാക്കി. ആർ.എസ്.എസ് ഹിന്ദുത്വ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെങ്കിൽ ഇസ്ലാമിക ലോകമെന്ന സിദ്ധാന്തം മുറുകെ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകക്ഷിയായി യു.ഡി.എഫ് മാറി. ഈ രണ്ടു വർഗീയശക്തികളെയുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ നേരിടുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.