ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കൊച്ചി: ജമാഅത്തെ ഇസ്ലാമിക്കും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുത്വവാദികൾ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്ര വാദം ഉയർത്തിപ്പിടിക്കുന്നത്, അതേ രീതിയിലാണ് ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്ര നിർമാണം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ കോൺഗ്രസ് കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും നാല് വോട്ടിന് വേണ്ടി നാടിന്‍റെ മതനിരപേക്ഷ പാരമ്പര്യം യു.ഡി.എഫ് അടിയറ വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ പലതരത്തിലും ഇടപെടുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അവരുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണ് കോൺഗ്രസും യു.ഡി.എഫും ചെയ്തിട്ടുള്ളത്. കോൺഗ്രസിന് വോട്ട് ചെയ്യുന്ന മുസ്ലിംകൾക്ക് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഉൾക്കൊള്ളാൻ കഴിയില്ല. രാഷ്ട്രീയ ഇസ്ലാമിന് സാധാരണ നിലയിലുള്ള ഇസ്ലാമിക വിശ്വാസങ്ങളുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വവാദികളും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും പുറമേക്ക് വിരുദ്ധ പക്ഷങ്ങളാണെന്ന് തോന്നുമെങ്കിലും ഒരേ തൂവൽ പക്ഷികളാണ്.

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കത്തിച്ച് പരസ്പര സഹകരണത്തിന്‍റെ സാധ്യതകൾ തേടിയവരാണ് രണ്ട് കൂട്ടരും. ആർ.എസ്.എസുമായി അടുത്ത കാലത്ത് രഹസ്യ ചർച്ച നടത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെയും ബി.ജെ.പിയെയും ഒരുപോലെ സന്തോഷിപ്പിച്ച് കൂടെ നിർത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിനെതിരെ അവരുടെ അണികൾക്കിടയിൽ തന്നെ ശക്തമായ എതിർപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് സി.പി.എം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതിനെക്കുറിച്ച ചോദ്യത്തിന് ഒരുകാലത്ത് സ്ഥാനാർഥിയെ നോക്കി വോട്ട് ചെയ്യുന്ന രീതി അവർക്കുണ്ടായിരുന്നു എന്നും അത്യപൂർവം സന്ദർഭങ്ങളിൽ എവിടെയെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണച്ചിട്ടുണ്ടാകാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രാഹുലിനെ ചിലർ സംരക്ഷിക്കുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളാണെന്നും അങ്ങനെയുള്ള ഒരാളെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചിലർ സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ പ്രതീക്ഷിക്കാൻ കഴിയാത്ത ബീഭത്സമായ കാര്യങ്ങളാണ് രാഹുലിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അയാളെ പൊലീസ് കണ്ടെത്തുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാന ആരോപണം നേരിടുന്ന എം.എൽ.എമാർക്കെതിരെ സി.പി.എം നടപടിയെടുക്കാത്തതിനെക്കുറിച്ച ചോദ്യത്തിന് എം.എൽ.എമാരായി കോൺഗ്രസിലുള്ള ചിലർ ജയിലിൽ കിടന്നവരാണെന്നും അവരെ പുറത്താക്കിയില്ലല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളിയും എ.വിൻസന്‍റും ഇപ്പോഴും കോൺഗ്രസിൽ തന്നെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

വി.സി നിയമനത്തിൽ സുപ്രീംകോടതി നിർദേശം പാലിച്ചാണ് താൻ മുൻഗണന ലിസ്റ്റ് കൊടുത്തത്. അത് ഗവർണർ ലംഘിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. ഇത്ര നഗ്നമായി സുപ്രീംകോടതി നിർദേശം ലംഘിക്കാനുള്ള മനോഭാവം എങ്ങനെയാണ് ഗവർണർക്കുണ്ടായത്?.

ശബരിമല സ്വർണക്കവർച്ചയിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നു. ഇക്കാര്യത്തിൽ ആര് തെറ്റ് ചെയ്താലും സി.പി.എം സംരക്ഷിക്കില്ല. തിരുവിതാംകുർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെതിരായ ബി. അശോകിന്‍റെ പരാതി, സാധാരണ നിലയിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജയകുമാർ മുമ്പ് തന്നെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

പി.എം ശ്രീ വിഷയത്തിൽ നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ ബാധ്യതപ്പെട്ട കാര്യമാണ് എം.പി എന്ന നിലയിൽ ജോൺ ബ്രിട്ടാസ് നിർവഹിച്ചത്. അത് മറ്റൊരു തരത്തിൽ കാണേണ്ടതില്ല. മസാല ബോണ്ട് ഇടപാടിൽ ഇ.ഡി നോട്ടീസ് അയച്ചത് പരിഹാസ്യമാണ്. ആർ.ബി.ഐ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് കിഫ്ബി എല്ലാ കാര്യങ്ങളും നിർവഹിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് അന്തിമ വിലയിരുത്തൽ നിയമസഭാ തെരഞ്ഞെടുപ്പിലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പ്രസ് ക്ലബ് പ്രസിഡന്‍റ് ആർ. ഗോപകുമാർ, സെക്രട്ടറി ഷജിൽകുമാർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Chief Minister attacks Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.