തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇരുവരുടെയും മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി എസ്.ഐ.ടിക്ക് മുമ്പാകെ കീഴടങ്ങാൻ നിര്‍ദേശിച്ചിട്ടുണ്ട്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
മിനിട്സ് തിരുത്തി സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൈമാറാൻ ഉത്തരവിറക്കിയത് ജയശ്രീയാണെന്നാണ് കണ്ടെത്തൽ. ചെമ്പുപാളികൾ എന്ന് രേഖയുണ്ടാക്കുകയായിരുന്നു. എന്നാൽ, ബോർഡ് തീരുമാനം ഉത്തരവായി ഇറക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വാദം. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീയായിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമീഷണറായും പ്രവർത്തിച്ചിരുന്നു. കേസിലെ നിര്‍ണായക കണ്ണിയായാണ് ജയശ്രീയെ അന്വേഷണ സംഘം കാണുന്നത്.
ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ്. അതിനാൽ ആ ചുമതല കൂടി വഹിച്ചിരുന്ന ജയശ്രീക്ക് ക്ഷേത്രം വക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാലാണ് സ്വര്‍ണത്തെ ചെമ്പാണെന്ന് രേഖപ്പെടുത്തിയിട്ടും തിരുത്താന്‍ ജയശ്രീ തയാറാകാത്തതെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.
ദ്വാരപാലക ശിൽപ പാളിയിലെയും ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പടിയിലേയും സ്വർണ മോഷണകേസില്‍ ആറാം പ്രതിയാണ് ശ്രീകുമാർ. ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറിൽ സാക്ഷിയായി ഒപ്പിട്ടത് ശ്രീകുമാറായിരുന്നു. മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശ പ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്നുമാണ് ശ്രീകുമാർ പറയുന്നത്.
കൊച്ചി: കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു രണ്ട് കേസുകളിൽ നൽകിയ ജാമ്യ ഹരജി ഹൈകോടതി 11ന് പരിഗണിക്കാൻ മാറ്റി.
ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികൾ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയാണ് മുരാരി ബാബു.
രണ്ട് കേസുകളിലും പ്രത്യേകം ജാമ്യ ഹരജിയാണ് നൽകിയിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നും ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നുമാണ് ഹരജിയിലെ വാദം. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയുടെ അനുമതി തേടിയ ശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോർഡിന് ശിപാർശ നൽകിയെന്നാണ് ഹരജിക്കാരനെതിരായ കേസ്.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എൻ. വാസു ജാമ്യ ഹരജിയുമായി ഹൈകോടതിയിൽ. ഓക്ടോബർ 23ന് അറസ്റ്റിലായത് മുതൽ റിമാൻഡിൽ കഴിയുകയാണെന്നും ഹൃദ്രോഗം അടക്കം ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. ഹരജി ശനിയാഴ്ച പരിഗണിച്ചേക്കും.
സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനമെടുത്തതിൽ വാസുവിന് പ്രധാന പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.