മദീന: മസ്ജിദുന്നബവിയിലെ റൗദ സന്ദർശനത്തിൽ നിയന്ത്രണവും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി ഇരുഹറം ജനറൽ അതോറിറ്റി. ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും സന്ദർശനാനുമതി. അതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ‘നുസ്ക്’ ആപ്പിൽനിന്ന് പെർമിറ്റ് എടുക്കണം. ഇത് 365 ദിവസത്തിനിടയിൽ ഒരാൾക്ക് ഒരിക്കൽ മാത്രമേ അനുവദിക്കൂ. കൂടാതെ സ്ത്രീപുരുഷന്മാർക്ക് വെവ്വേറെ സന്ദർശനത്തിനുള്ള സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പ്രവാചക പള്ളിയുടെ തെക്കുവശത്തെ 37-ാം നമ്പർ കവാടമായ ‘മക്ക ഗേറ്റ്’ വഴിയാണ് റൗദയിലേക്ക് പ്രവേശനം നിശ്ചയിച്ചിട്ടുള്ളത്. പ്രായാധിക്യമുള്ളവർക്ക് വീൽ ചെയറിൽ പ്രവേശിക്കാം. വെള്ളിയാഴ്ച ഒഴികെയുള്ള മറ്റ് ദിവസങ്ങളിൽ പുരുഷന്മാർക്ക് പുലർച്ചെ രണ്ട് മുതൽ സുബഹി (പ്രഭാത) നമസ്കാരം വരെയും രാവിലെ 11.20 മുതൽ ഇഷാഅ് (രാത്രി) നമസ്കാരം വരെയുമാണ് സന്ദർശനാനുമതി.
സ്ത്രീകൾക്ക് സാധാരണ ദിവസങ്ങളിൽ സുബഹി നമസ്കാരം മുതൽ രാവിലെ 11 വരെയും ഇഷാഅ് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് സന്ദർശന സമയം. എന്നാൽ വെള്ളിയാഴ്ച പുരുഷന്മാർക്ക് പുലർച്ചെ രണ്ട് മുതൽ സുബഹി നമസ്കാരം വരെയും രാവിലെ 9.20 മുതൽ 11.20 വരെയും പിന്നീട് ജുമുഅക്ക് ശേഷം ഇശാഅ് നമസ്കാരം വരെയും സന്ദർശനം അനുവദിക്കും. സ്ത്രീകൾക്ക് വെള്ളിയാഴ്ച സുബഹി നമസ്കാരം മുതൽ രാവിലെ ഒമ്പത് വരെയും പിന്നീട് ഇശാഅ് നമസ്കാരം മുതൽ പുലർച്ചെ രണ്ട് വരെയുമായിരിക്കും സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.