ഹജ്ജ് തീര്‍ഥാടനം: കേരളത്തില്‍ നിന്ന് 391 പേര്‍ക്കും മെഹ്റം ക്വാട്ടയില്‍ 43 പേര്‍ക്കും കൂടി അവസരം

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ക്രമനമ്പര്‍ 4783 മുതല്‍ 5173 വരെയുള്ള അപേക്ഷകര്‍ക്ക് കൂടിയാണ് അവസരമായതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ നിന്ന് അവസരം ലഭിച്ചവരുടെ എണ്ണം 13,000 കവിഞ്ഞു. ഏതാനും സീറ്റുകള്‍ കൂടി ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹജ്ജ് കമ്മിറ്റി.

പുതുതായി അവസരം ലഭിച്ചവര്‍ 15നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ വീതം അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈനായോ പണമടക്കാം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാഫോം, അനുബന്ധ രേഖകൾ, പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡിസംബര്‍ 20നകം ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കാനും അവസരമുണ്ട്.

മെഹ്റം ക്വാട്ടയില്‍ 43 പേര്‍ക്ക് കൂടി അവസരം

കൊണ്ടോട്ടി: പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ (വിത്തൗട്ട് മെഹ്‌റം) വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് 43 പേര്‍ക്ക് കൂടി അവസരം. ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ, പിന്നീട് ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റ് പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് അപേക്ഷ നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് തീര്‍ഥാടകരെ തെരഞ്ഞെടുത്തത്.

500 സീറ്റുകളാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരുന്നത്. രാജ്യത്താകെ 881 അപേക്ഷകളാണ് ലഭിച്ചത്. കേരളത്തില്‍ നിന്ന് 79 അപേക്ഷകള്‍ ലഭിച്ചു. മുബൈയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് തീര്‍ഥാടകരെ തെരഞ്ഞെടുത്ത്. അവസരം ലഭിച്ചവര്‍ ഡിസംബർ 15നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ വീതമടച്ച് പണമടച്ച രേഖകളും മറ്റ് രേഖകളും 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

Tags:    
News Summary - Hajj pilgrimage: 391 people from Kerala and 43 more in Mehram quota get opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.