കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസിൽ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അതേസമയം, കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) എതിർവാദം ഉന്നയിക്കാൻ അവസരം തേടി. ഇ.ഡിയുടെ അപേക്ഷയും എസ്.ഐ.ടിയുടെ എതിർവാദവും ഈ മാസം 10ന് കോടതി പരിഗണിക്കും. അതിനിടെ, മുൻ തിരുവാഭരണം കമീഷണർ കെ.എസ് ബൈജുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കുകൂടി ദീർഘിപ്പിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെടുന്ന ഇ.ഡിയുടെ ഹരജി കീഴ്കോടതി പരിഗണിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപേക്ഷയുമായി കൊല്ലം വിജിലൻസ് കോടതിയെ ഇ.ഡി സമീപിച്ചത്. നേരത്തെ, ഇ.ഡിയുടെ ഈ ആവശ്യം റാന്നി മജിസ്ട്രേട്ട് കോടതി നിരാകരിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് കേസ് മൊത്തമായി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയത്.
ശബരിമല സ്വർണാപഹരണ കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്നും അതു കൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്നുമാണ് ഇ.ഡി സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടികാട്ടുന്നത്. കൂടാതെ, ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള പൊതു സേവകരാണ് കേസിൽ അറസ്റ്റിലായത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥരാണ് കൊള്ള നടത്തിയത്. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എത്രയെന്നു കണക്കാക്കുന്നതിനും ആ തുക കണ്ടുകെട്ടുന്നതിനും അധികാരമുള്ള ഏജൻസിയാണ് ഇ.ഡിയെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.അതിനിടെ, കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ എട്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും. ദ്വാരക പാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിലും പത്മകുമാറിനെ പ്രതി ചേർത്ത പശ്ചാത്തലത്തിൽ എസ്.ഐ.ടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹരജി. സര്‍ക്കാർ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാര്‍ഷികോൽപാദന കമീഷണര്‍ ഡോ. ബി. അശോക് ആണ് ഹരജി നല്‍കിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ല കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു.
കെ. ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യൂ (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവണ്മെന്‍റ് സെക്രട്ടറി എന്നിവരോട് ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയക്കാനും ഉത്തരവായി. നിലവില്‍ കെ. ജയകുമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്‍റായും നിയമിതനായപ്പോൾ കെ. ജയകുമാർ സർക്കാർ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹരജി ഫയൽ ചെയ്തത്. അഡ്വ. ബോറിസ് പോൾ, അഡ്വ. സാജൻ സേവ്യർ എന്നിവർ ഹരജിക്കാരനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.