തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നല്കി സര്‍ക്കാര്‍. 10 വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന മണല്വാരലിനാണ് അനുമതി നല്കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യറിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
ഓരോ ജില്ലയിലേയും നദികളിലെ മണലിന്റെ അളവ്, വാരിമാറ്റേണ്ട മണല്‍ ശേഖരം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാവത്തില്‍ ജില്ല സര്‍വേ റിപ്പോര്‍ട്ട് തയാറാക്കണം. നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (നാബെറ്റ്) അല്ലെങ്കില്‍ ക്വാളിറ്റി കണ്ട്രോള് ഓഫ് ഇന്ത്യ അംഗീകരിച്ച കണ്സള്ട്ടന്റാവണം മണല്‍ ലഭ്യത സംബന്ധിച്ച ജില്ല സര്‍വേ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാകണം മണല്‍ വാരലിന് പാരിസ്ഥിതിക അനുമതി നല്‍കേണ്ടത്.
പാരിസ്ഥിതിക അനുമതിയുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഏജന്‍സിയായ സി.എസ്.ഐ.ആര്, എൻ.ഐ.ഐ.എസ്.ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസസ് ആൻഡ് ടെക്നോളജി) എന്നിവയെ വിവിധ ജില്ലകളില്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ 11 ജില്ലകളിലെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍മാരാണ് മണല്‍വാരാന്‍ അനുമതി നല്‍കേണ്ടത്. ഇതോടെ സംസ്ഥാനത്ത് നദികളിലെ മണല്‍വാരല്‍ വീണ്ടും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.