കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ കമീഷൻ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയാണ് കമീഷനുള്ളത്. ഫലപ്രഖ്യാപനം പൂർത്തിയാകുന്നത് വരെ മാത്രമാണ് കമീഷന് അധികാരമുള്ളത്. അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പുകളിലടക്കം തർക്കമുണ്ടായാൽ സിവിൽ കോടതിയാണ് വിഷയം തീർപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം കെ.കെ. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അഞ്ച് വീതം അംഗങ്ങളുള്ള ബി.ജെ.പിയുടെയും യുഡി.എഫിന്റെയും അംഗങ്ങൾ വോട്ടിങ്ങിൽ തുല്യത പാലിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവന്നത്. തുടർന്ന് ഹരജിക്കാരൻ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എന്നാൽ, നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയെന്ന് വരണാധികാരി തന്നെ പിന്നീട് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. കമീഷന്റെ നടപടി അധികാര പരിധി ലംഘനമാണെന്നും ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ബന്ധപ്പെട്ട സിവിൽ കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ തീർപ്പുണ്ടാകും വരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഹരജിക്കാരന് തുടരാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.