തിരുവനന്തപുരം: ആറ് സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന സി.പി.ഐ സെക്രട്ടറിയേറ്റ് യോഗ തീരുമാനത്തിന് എക്സിക്യൂട്ടിവ് യോഗത്തിന്റെ അംഗീകാരം. മൂന്ന് ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്നാണ് എക്സിക്യൂട്ടിവിന്റെയും നിലപാട്.
ഇതോടെ ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ഇ.കെ. വിജയൻ (നാദാപുരം), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂര്‍), വി. ശശി (ചിറയന്‍കീഴ്) എന്നിവർ ഒഴിവാക്കപ്പെടും. രണ്ടു ടേമാണ് സി.പി.ഐയിലെ സ്ഥാനാർഥി മാനദണ്ഡമെങ്കിലും കഴിഞ്ഞ തവണ ഇളവ് നൽകിയതിനെ തുടർന്ന് മൂന്ന് ടേം പൂർത്തിയാക്കിയവരാണിവർ.
നേരത്തേ നിശ്ചയിച്ച രണ്ടുടേം വ്യവസ്ഥ പാലിക്കണമെന്നും അനിവാര്യമായവർക്കുമാത്രം ഇളവുനൽകിയാൽ മതിയെന്നുമാണ് എക്സിക്യൂട്ടിവിന്റെയും നിലപാട്. രണ്ടുതവണ മത്സരിച്ചവരെയും ഒഴിവാക്കുമെന്ന തീരുമാനം നടപ്പായാൽ സി.കെ. ആശ, കെ. ബാലചന്ദ്രൻ എന്നിവർക്കും സീറ്റുണ്ടാകില്ല. മന്ത്രിമാരിൽ കെ. രാജനൊഴികെ മറ്റു മൂന്നുപേർക്കും മാനദണ്ഡങ്ങൾ തടസ്സമാവില്ല.
രണ്ടു ടേം വ്യവസ്ഥയിൽ ഇളവ് വേണമെങ്കിൽ ജില്ല കമ്മിറ്റികൾ ശിപാർശ ചെയ്യണം. നിശ്ചയിച്ച മാനദണ്ഡപ്രകാരം ഓരോ മണ്ഡലത്തിൽനിന്നും മൂന്നുപേർ വീതമുള്ള സ്ഥാനാർഥി പാനൽ സമർപ്പിക്കാനാണ് ജില്ല കമ്മിറ്റികളോട് ആവശ്യപ്പെട്ടത്.
ഈ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടിവും പരിഗണിക്കും. മാർച്ച് എട്ടിന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ സ്ഥാനാർഥി പട്ടിക അന്തിമമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.