കോഴിക്കോട്: ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച് പശ്ചിമേഷ്യയിൽ അശാന്തി വിതച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടിയെ അപലപിച്ച് മുസ്ലിം സംഘടനാ നേതാക്കൾ. സമാധാനം ഉറപ്പ് വരുത്താൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെ അന്താരാഷ്ട്ര ഏജൻസികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സൗഹൃദ ഇഫ്താർ സംഗമത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാർമേഘങ്ങൾ ആശങ്കാജനകമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിൽനിന്ന് ഇറാൻ പിന്തിരിയണം. ഒരു കോടിയോളം ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നുണ്ട്. അതിൽ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടാൽ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയിൽ സമാധാനം ഉറപ്പ് വരുത്താൻ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തണം. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തിൽ മാറ്റം വരുന്നത് ദൗർഭാഗ്യകരമാണ്. സോഷ്യൽ മീഡിയയിൽ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ പക്വത കാണിക്കണമെന്നും യോഗം അഭ്യർഥിച്ചു.
റമദാനിലെ ദിനരാത്രങ്ങൾ പ്രതിസന്ധികളിൽനിന്ന് മുക്തി നേടാനുള്ള പ്രാർഥനകൾക്ക് വിനിയോഗിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ആർ.വി കുട്ടിഹസ്സൻ ദാരിമി, കെ. മോയിൻകുട്ടി മാസ്റ്റർ, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈൻ മടവൂർ, സി.പി ഉമ്മർ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്മാൻ, പി.എൻ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, എ. നജീബ് മൗലവി, നദീർ മൗലവി കൊല്ലം, ഡോ. ഫസൽ ഗഫൂർ, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, കമാൽ വരദൂർ, എൻ.സി അബൂബക്കർ പങ്കെടുത്തു.
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യയുടെ മൗനം ദുരൂഹമാണെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് ഉപരോധങ്ങൾ നേരിട്ട സന്ദർഭത്തിൽ തെഹ്റാൻ മാത്രമാണ് നമുക്കൊപ്പം നിലകൊണ്ടതെന്ന് അവർ ഓർമിപ്പിച്ചു.
ഹൃദയത്തിൽ ദുഃഖഭാരം ഉണ്ടെങ്കിലും പുറത്തിറങ്ങി പ്രതിഷേധിക്കാൻ കഴിയില്ലെന്നും അതിനാൽ തങ്ങൾ പൈശാചിക ശക്തികളായ ട്രംപിന്റെയും നെതന്യാഹുവിന്റെയും കോലം കത്തിക്കുകയാണെന്നും, കശ്മീർ താഴ്വരയിലെ ജനങ്ങളെങ്കിലും ഇറാനിലെ ജനങ്ങൾക്കൊപ്പമാണെന്നും മഹ്ബൂബ പറഞ്ഞു.
ന്യൂഡൽഹി: അന്താരാഷ്ട്ര തർക്കങ്ങളിൽ സൈനിക ശക്തിയെ ആശ്രയിക്കുന്ന പ്രവണതയെ വിമർശിച്ച് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേശ്. വൻ ആയുധശേഷിയെ ആശ്രയിക്കുന്നത് കാട്ടുനീതിയാണെന്നും സൈനികശക്തികൾക്ക് മാത്രമാണ് അതിന്റെ പ്രയോജനമെന്നും അബു ഷാവേശ് ചൂണ്ടിക്കാട്ടി. സൈനികശേഷിയോ ആയുധബലമോ ഇല്ലാത്ത രാജ്യങ്ങളുടെ ഭാവിയെ ഇത് അപകടത്തിലാക്കുന്നുവെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.