തിരുവനന്തപുരം: ‘മതിയായി ഈ എം.എൽ.എ’, ‘മാറ്റം തുടങ്ങാം’ എന്നീ തലവാചകങ്ങളുമായി എൻ.ഡി.എ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയും 10 വര്‍ഷത്തെ ഇടതുഭരണ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എമാരുടെ വീഴ്ചകളും കേന്ദ്ര സർക്കാറിന്‍റെ നേട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന പ്രചാരണമാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
‘മതിയായി ശബരിമല കൊള്ളക്കാരെ’, ‘മാറാത്തത് മാറും’, ‘ഇനി കേരളം വളരും’ തുടങ്ങിയ വാചകങ്ങളും ബി.ജെ.പിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിദഗ്ധരാണ് പ്രചാരണ വാക്യങ്ങള്‍ തയാറാക്കിയത്.
എൻ.ഡി.എ സീറ്റ്, സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായെന്ന് മുന്നണി വൃത്തങ്ങൾ പറഞ്ഞു. 90 മുതൽ 100 സീറ്റുകളിൽ വരെ ബി.ജെ.പിയും ബാക്കിയിടങ്ങളിൽ ഘടകകക്ഷികളായ ബി.ഡി.ജെ.എസ്, ട്വന്‍റി ട്വന്‍റി സ്ഥാനാർഥികളും മത്സരിക്കുമെന്നാണ് അറിയുന്നത്.
എന്നാൽ, ഘടകകക്ഷികൾ 30 വീതം സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ഡി.ജെ.എസിന് കഴിഞ്ഞതവണത്തേപോലെ 21 സീറ്റുകളും ട്വന്‍റി ട്വന്‍റിക്ക് പരമാവധി 25 സീറ്റുകളും നൽകാനാണ് ധാരണ.
നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, തിരുവനന്തപുരം സെൻട്രലിൽ സിറ്റി ജില്ല പ്രസിഡന്‍റ് കരമന ജയൻ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, ആറ്റിങ്ങലിൽ അഡ്വ. വി. സുധീർ, ചിറയിൻകീഴിൽ ആശ ജി. നാഥ്, പാറശാലയിൽ അഡ്വ. എസ്. സുരേഷ്, ചെങ്കൽ രാജശേഖരൻ, വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, ജി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണുള്ളതെങ്കിലും സസ്പെൻസ് സ്ഥാനാർഥിക്കായുള്ള ശ്രമവും തുടരുകയാണ്.
ചാത്തന്നൂരിൽ വി.ബി. ഗോപകുമാർ, കൊല്ലത്ത് ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഖിൽ മാരാർ, തിരുവല്ലയിൽ അനൂപ് ആന്‍റണി, ആറൻമുളയിൽ കുമ്മനം രാജശേഖരൻ, ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി, പാലായിൽ ഷോൺ ജോർജ്, പൂഞ്ഞാറിൽ പി.സി. ജോർജ്, കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ, കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണൻ, മണലൂരിൽ എ.എൻ. രാധാകൃഷ്ണൻ, പാലക്കാട്ട് ശോഭ സുരേന്ദ്രൻ, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, കാസർകോട്ട് എം.എൽ. അശ്വിനി, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ എന്നിവർ സ്ഥാനാർഥികളാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.