തിരുവനന്തപുരം: പ്രാദേശിക പ്രതിഷേധങ്ങളും വിയോജിപ്പുകളും ഉയരുമ്പോഴും തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുമെന്ന തീരുമാനത്തിലുറച്ച് സി.പി.എം. സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ ചേർന്ന നിർണായക സെക്രട്ടറിയേറ്റ് യോഗത്തിലാണ് തളിപ്പറമ്പിന്‍റെ കാര്യത്തിൽ എതിർസ്വരങ്ങൾ അവഗണിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം. പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും എം.വി. ജയരാജനെ ഇവിടേക്ക് പരിഗണിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം സെക്രട്ടറിയേറ്റ് യോഗം തള്ളി.
ഇതോടൊപ്പം മട്ടന്നൂരിൽനിന്ന് പേരുവെട്ടിയ കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാനുള്ള കണ്ണൂർ ജില്ല കമ്മിറ്റി തീരുമാനത്തിന് സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. കഴിഞ്ഞ തവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മട്ടന്നൂരിൽ പരിഗണിക്കാത്തതിൽ ശൈലജയുടെ അതൃപ്തി സംസ്ഥാന സെക്രട്ടറിയേറ്റും മുഖവിലക്കെടുത്തില്ല. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജക്ക് പകരം മട്ടന്നൂരിലേക്കെത്തുന്നത് താരതമ്യേന ജൂനിയറായ വി.കെ. സനോജാണ്.
ഉറപ്പുള്ള സീറ്റുകളിൽ ടേം വ്യവസ്ഥകളിൽ ഇളവ് നൽകി സിറ്റിങ് എം.എൽ.എമാരെ മത്സരിപ്പിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എന്നാൽ, ഈ നിലപാടിലും ഇളവ് നൽകിയാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നതെന്നാണ് പാർട്ടി നിലപാട്. അതേസമയം, ശൈലജക്ക് ഈ ഇളവ് അനുവദിച്ചെങ്കിലും സ്പീക്കർ എ.എൻ. ഷംസീറിന് അതുമുണ്ടായില്ല. ഷംസീറിന് പകരം തലശ്ശേരിയിലേക്കെത്തുന്നത് കാരായി രാജനാണ്. രാജന്റെ സ്ഥാനാർഥിത്വം കൊലപാതക രാഷ്ട്രീയത്തെ കുറിച്ച ചർച്ചകൾ വീണ്ടും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും അതിനെയെല്ലാം തള്ളിയാണ് ഉറച്ച സീറ്റുതന്നെ അനുവദിച്ചത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിലാകും ജനവിധി തേടുക. ചുമതലയുള്ളതിനാൽ ടി.പി. മത്സരിക്കില്ലെന്ന അഭ്യൂഹങ്ങൾക്ക് പാർട്ടി വിരാമമിട്ടു. ടേം വ്യവസ്ഥകളിൽ ഇളവ് നൽകി സി.പി.എം ജില്ല സെക്രട്ടറി കൂടിയായ വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാനുള്ള ജില്ല ഘടകത്തിന്‍റ തീരുമാനത്തിന് സെക്രട്ടറിയേറ്റ് അംഗീകാരം നൽകി.
ജില്ല ഘടകങ്ങളുടെ പട്ടികയിൽ പേരുണ്ടായിരുന്ന എം. സ്വരാജ്, എം.എം. മണി എന്നിവരെ വെട്ടിയ നടപടിക്ക് പുനഃപരിശോധനയില്ല. തൃപ്പൂണിത്തുറ സീറ്റ് മുൻനിർത്തി എറണാകുളം ജില്ലയിൽനിന്നും ഒപ്പം പൊന്നാനി സീറ്റ് നിർദേശിച്ച് മലപ്പുറം ജില്ലയിൽനിന്നുമാണ് സ്വരാജിന്‍റെ പേരുണ്ടായിരുന്നത്.
ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കാൻ ഇടുക്കിയിൽനിന്ന് എം.എം. മണിയുടെ പേര് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനക്കെത്തി. എന്നാൽ, മണിക്ക് പകരം ഇടുക്കിയിൽനിന്ന് തന്നെയുള്ള സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രൻ മത്സരിക്കട്ടെയെന്നാണ് സെക്രട്ടറിയേറ്റ് നിലപാട്. ഉടുമ്പൻചോല സി.പി.എമ്മിനെ സംബന്ധിച്ച് ഉറച്ച മണ്ഡലമാണ്. അതിനാൽ ടേം വ്യവസ്ഥകളിൽ ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന് കുടുംബത്തിൽനിന്ന് ആവശ്യമുയർന്നെങ്കിലും അത് പരിഗണിച്ചിട്ടില്ല. ആറന്മുളയിൽ വീണതന്നെ മത്സരിക്കും.
സെക്രട്ടറിയേറ്റ് അംഗീകരിച്ച പട്ടിക വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം പരിഗണിക്കും. സി.പി.എമ്മിന്‍റെ സംഘടനരീതി അനുസരിച്ച് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന സമിതിയും അംഗീകരിക്കുന്ന പട്ടിക ജില്ല കമ്മിറ്റിയിലും ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളിലുംകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. മേൽകമ്മിറ്റി തീരുമാനങ്ങൾ തിരുത്തേണ്ടിവന്നത് അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍റെ കാര്യത്തിലാണ് ഇത്തരത്തിൽ പാർട്ടി തിരുത്തിന് തയാറായത്. അതേസമയം, തളിപ്പറമ്പ് സീറ്റിന്‍റെ കാര്യത്തിൽ പി. ജയരാജൻ വിമർശനമുന്നയിക്കുമോയെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.