കൊച്ചി: ആശുപത്രി ഉടമകളുമായുള്ള ഒത്തുതീർപ്പുചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എല്ലാ വശവും പരിഗണിച്ചും നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനമിറക്കിയതെന്ന് സർക്കാർ ഹൈകോടതിയിൽ. വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ആശുപത്രി ഉടമകൾക്കും നഴ്സുമാർക്കും നിലപാട് വ്യക്തമാക്കാൻ മതിയായ അവസരം നൽകിയിരുന്നു.
ഹൈകോടതി ഉത്തരവുപ്രകാരം മിനിമം വേതനം നിശ്ചയിക്കാൻ സമിതി രൂപവത്കരിച്ചു. പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ തേടി. തുടർന്ന് കക്ഷികളുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഇതിനെല്ലാം ശേഷമാണ് അന്തിമ വിജ്ഞാപനമിറക്കിയതെന്ന് തൊഴിൽ അണ്ടർ സെക്രട്ടറി സി.ജി. ഷിജ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുതുക്കിനിശ്ചയിച്ച് ഏപ്രിൽ 23ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് ഹെൽത്ത് പ്രൊവൈഡേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. സുപ്രീംകോടതി, ഹൈകോടതി നിർദേശങ്ങളെത്തുടർന്ന് മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയുമടക്കം ഇടപെട്ടാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. മാർച്ച് 28ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ ആശുപത്രി ഉടമകളുടെയും നഴ്സിങ് പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു.
ഹൈകോടതിയിലെ മീഡിയേഷൻ സെൻററിൽനിന്നുള്ള രണ്ട് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. എന്നാൽ, അഭിപ്രായ സമന്വയമുണ്ടായില്ല. തുടർന്ന് മിനിമം വേജസ് നിയമപ്രകാരം അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാറിന് ഹൈകോടതി അനുവാദം നൽകുകയായിരുെന്നന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.