കൊച്ചി: അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകളും വേറിട്ടുനിന്നു. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാൻ യാത്രയാക്കിയപ്പോൾ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സത്യൻ അന്തിക്കാട് കടലാസും പേനയും ചിതയിൽ വെച്ചാണ് വിട പറഞ്ഞത്.
അഗ്നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്‍റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാൻ എത്തിയത്. തുടർന്ന് ഭൗതികശരീരത്തിൽ സ്പർശിച്ച ശേഷം ധ്യാൻ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നൽകി.
'എന്നും എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന് കുറിച്ച കടലാസും പേനയും മകൻ ധ്യാനാണ് സത്യൻ അന്തിക്കാടിന് കൈമാറിയതും ചിതയിൽ വെക്കാൻ ആവശ്യപ്പെട്ടതും. ധ്യാനിന്‍റെ ആവശ്യപ്രകാരം ശ്രീനിവാസന്‍റെ ഭൗതികശരീരത്തിന് മുകളിൽ കടലാസും പേനും വെച്ച സത്യൻ അന്തിക്കാട്, പൂക്കൾ സമർപ്പിച്ച് പ്രാർഥിച്ചു.
പൊതുദർശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്‍റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തിൽ പ്രാർഥനകളടക്കം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നൽകി. കർമങ്ങൾ പൂർത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാർഡ് ഓഫ് ഹോണർ നൽകിയ ശേഷം വിനീത് ചിതക്ക് അഗ്നി പകർന്നു.
ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്രീനിവാസൻ അന്തരിച്ചത്. ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടരയോടെ ശ്രീനിവാസൻ വിടപറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. തുടർന്ന് ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. വീട്ടിലും ടൗൺഹാളിലും ആയിരങ്ങളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചത്.
മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച നടനും സാധാരണക്കാരുടെ ജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങളെ നർമത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളിലൂടെ വരച്ചിട്ട എഴുത്തുകാരനുമായിരുന്നു ശ്രീനിവാസൻ. അപകർഷതാ ബോധത്തിൽ ജീവിതം ഉലഞ്ഞുപോയ തളത്തിൽ ദിനേശനും തൊഴിലില്ലായ്മക്കും പങ്കപ്പാടുകൾക്കും ഇടയിൽ നീറി ജീവിച്ച ദാസനും വിജയനും മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടിയ കോട്ടപ്പള്ളി പ്രഭാകരനും ചിരിച്ചും ചിന്തിപ്പിച്ചും ഇപ്പോഴും മലയാളിക്കൊപ്പം നടക്കുന്ന ശ്രീനിവാസൻ കഥാപാത്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.