ശ്രീനിവാസൻ ഇനിയും ജീവിക്കും, സിനിമകളിൽ...

ഒടുവിൽ അയാൾ വിടപറഞ്ഞു... മലയാളിയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഒരാൾ. പകരക്കാരില്ലാത്ത വിധം തന്‍റെ സംഭാവനകൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരൻ. ആ മനുഷ്യനാണ് നിമിഷങ്ങൾക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയത്. മലയാളിയുടെ ശ്രീനിവാസൻ ഇനി സിനിമകളിൽ ജീവിക്കും.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മലയാള സിനിമയുടെ ഒരു കാലത്തിന്‍റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ് വിടപറഞ്ഞത്.

താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ഒരു മണിയോടെ എറണാകുളം ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ച് നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരും മമ്മൂട്ടി, മോഹൻലാൽ എന്നിവരുമുൾപ്പെടെ നിരവധി പേർ എത്തി.

1956ൽ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂൾ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടെ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ 1977ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മകൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ‘ആപ് കൈസേ ഹോ’ ആണ് അവസാന ചിത്രം. ‘ഞാൻ പ്രകാശൻ’ എന്ന സിനിമക്ക് വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്. 

Tags:    
News Summary - Actor Sreenivasan funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.