ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നൂറ്റാണ്ടു തികഞ്ഞ ഐതിഹാസികമായ വടക്കൻ വീരഗാഥയാണ് കാകോരി ട്രെയിൻ പണാപഹരണം. ഹിന്ദുസ്താൻ െറവലൂഷനറി ആർമിയുടെ സമരപോരാളികൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോക്ക് സമീപമുള്ള കാകോരി സ്റ്റേഷനിൽനിന്നു ബ്രിട്ടീഷുകാരുടെ പണപ്പെട്ടി തട്ടിയെടുത്തത് 1925 ആഗസ്റ്റ് ഒമ്പതിന്. അതിന്‍റെ പേരിൽ ധീര പോരാളികൾ തൂക്കുമരമേറിയത് 1927 ഡിസംബറിൽ. നൂറ്റാണ്ടിനിപ്പുറവും കഥയുറങ്ങുന്ന സമരഭൂമിയിൽ കണ്ട കാഴ്ചകളും കനവുകളും...
സന്ദർശകരുടെ മുന്നിൽ മുത്തശ്ശിക്കഥ പലയാവർത്തി പറഞ്ഞുകഴിഞ്ഞിട്ടുണ്ടാവും എഴുപത്താറു കടന്ന മുന്നലാൽ രാജ്പുത്. ഒന്നും വിട്ടുപോകാതെയുള്ള ആ കഥപറച്ചിൽ കേട്ടാൽ എല്ലാം ഇന്നലെ കണ്ട കാഴ്ചകളാണെന്നേ തോന്നൂ. മുന്നലാൽ ഒന്നും കണ്ടതല്ല, എല്ലാം കുഞ്ഞുന്നാളിലേ മുത്തശ്ശിയിൽനിന്നും വളർന്നുവരുമ്പോൾ അച്ഛനിൽനിന്നും കേട്ട കഥകൾ. റെയിൽവേ ജോലിയിൽനിന്നു വിരമിച്ചശേഷം കാകോരി ശഹീദ് സ്മാരകമന്ദിരത്തിന്‍റെ കാര്യസ്ഥപ്പണിയിലാണ് കാവിപുതച്ച വയോവൃദ്ധൻ.
കാകോരി റെയിൽവേ സ്റ്റേഷനിൽനിന്നു വാരകളകലെ കാവുപോലെ കിടന്ന സ്ഥലമാണ് പിന്നീട് ശഹീദ് സ്മാരകമാക്കി മാറ്റിയത്. അശോകയും അത്തിയും ഗുൽമോഹറുമൊക്കെയായി പച്ചച്ചുനിൽക്കുന്ന വിശാലമായ വളപ്പാണത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ അധ്യായമായ കാകോരി റെയിൽവേ പണാപഹരണക്കേസിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരപോരാളികളുടെ സ്മാരകമാണത്.
നൂറ്റാണ്ടുമുമ്പ് കവർന്ന റയിൽവെയുടെ പണപ്പെട്ടി
ആ ചരിത്രസംഭവം ചിത്രീകരിച്ച ഗാലറിയിലേക്കു ഷൂ അഴിച്ചുവെച്ചു കയറുമ്പോൾ കൈയിലിരുന്ന നീണ്ട വടികൊണ്ട് മുന്നലാൽ ചൂണ്ടി: അതാ, അക്കാണുന്ന അരയാൽ, അത്തി, പേരാൽ മരങ്ങളില്ലേ, അവിടെ ദേവീദേവന്മാർ കുടിയിരിക്കുന്നു, കാകോരി രക്തസാക്ഷികൾക്കൊപ്പം. ധീര രക്തസാക്ഷികളെക്കുറിച്ചു മാത്രമല്ല, അവർക്കു സ്മാരകം തുറന്ന ഇന്ദിര ഗാന്ധിയെയും നവീകരിച്ച മുൻ മുഖ്യമന്ത്രി കല്യാൺസിങ്ങിനെയും പറയുമ്പോഴും മുന്നലാലിന്‍റെ വാക്കുകളിൽ ഭക്ത്യാദരം തുടിച്ചു. ശഹീദ് സ്മാരകം എന്തേ ഇവിടെ എന്ന സംശയത്തിന് മുന്നലാൽ നിവർത്തി വരുത്തി: ‘‘കാകോരി റെയിൽവേസ്റ്റേഷനിൽ ബ്രിട്ടീഷുകാർ ട്രെയിൻ ടിക്കറ്റ് വിറ്റ തുക സൂക്ഷിച്ച പണപ്പെട്ടി കൊള്ളയടിക്കാൻ ധീരദേശാഭിമാനികൾ ആലോചന നടത്തിയത് ഇവിടെ വെച്ചാണ്. ഇതാ, ഇക്കാണുന്ന പാളത്തിലൂടെ കുറച്ചു വാര പിടിച്ചാൽ കാകോരി സ്റ്റേഷനിലെത്താം.’’
അമേത്തിയ സാലംപൂരിലെ ആർഭാടത്തിൽ തീർത്ത മറ്റൊരു സ്മാരകംകൂടി കണ്ടുകഴിഞ്ഞ് ആര്യന്‍റെ ഓട്ടോറിക്ഷയിൽ ദുബ്ബഗ്ഗ സിറ്റി കടന്ന് കാകോരിയുടെ ഇടവഴികൾ കയറി സ്റ്റേഷനിലെത്തുമ്പോൾ ത്രിവേണി എക്സ്പ്രസ് ചൂളമടിച്ചു കടന്നുപോയി. രക്തസാക്ഷികളുടെ ഛായാചിത്രങ്ങളുമായി തലയുയർത്തിനിൽക്കുന്ന സ്റ്റേഷനെ ഒരു ചരിത്രസ്മാരകമാക്കി നിലനിർത്തുന്ന അധികൃതരെ ഉള്ളാലെ അഭിനന്ദിച്ച് അകത്തുകയറി സ്റ്റേഷൻ മാസ്റ്ററെ കണ്ടു കാര്യം പറഞ്ഞു. അദ്ദേഹം സിഗ്നൽമാൻ മഹേന്ദ്രകുമാർ യാദവിനെ ഞങ്ങൾക്കൊപ്പം പറഞ്ഞയച്ചു.
പ്ലാറ്റ്ഫോമിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ആ കൊച്ചുമ്യൂസിയം തുറന്നു യാദവും കഥപറഞ്ഞു തുടങ്ങി. അന്നു സ്വാതന്ത്ര്യപോരാളികൾ രാം പ്രസാദ് ബിസ്മിലും അശ്ഫാഖുല്ലഹ് ഖാനും കൂട്ടുകാരും സമരപ്രചാരണായുധങ്ങൾക്കു വേണ്ട പണത്തിനായി സ്വാതന്ത്ര്യസമര വിപ്ലവകാരികൾ കവർച്ചചെയ്ത ബ്രിട്ടീഷ് റെയിൽവേയുടെ പണപ്പെട്ടിയും അതിനകത്തെ തുകൽസഞ്ചികളും അവിടെ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. തൊട്ടപ്പുറത്തു ചുമരിൽ പതിച്ച കോടതി വിധിന്യായത്തിൽ പ്രമാദമായൊരു കേസിന്‍റെ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
1925 ആഗസ്റ്റ് ഒമ്പതിന് രാത്രി 8.30 കഴിഞ്ഞയുടൻ ലഖ്നോ ചാർബാഗ് റെയിൽവേ സ്റ്റേഷൻമാസ്റ്റർ മി. ജോൺസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നതുപ്രകാരം ഹർദോയിയിൽനിന്ന് ലഖ്നോവിലേക്കു പോകുന്ന നമ്പർ എട്ട് ഡൗൺ പാസഞ്ചർ ട്രെയിൻ ആലംനഗറിനും കാകോരിക്കും ഇടക്കുവെച്ച് ആരോ ചങ്ങല വലിച്ചുനിർത്തി. വണ്ടിയിൽ അതിക്രമിച്ചുകയറിയ കവർച്ചക്കാർ ട്രെയിനിലുള്ള കാഷ്സേഫ് എടുത്തുകൊണ്ടു പോയി പണം മുഴുവൻ അപഹരിച്ചു. കവർച്ചക്കിടെ കൊള്ളക്കാർ വെടിയുതിർക്കുകയും ചെയ്തു.
കാകോരി രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾ പതിച്ച റയിൽവേ സ്റ്റേഷൻ
ട്രെയിനിലെ ഗാർഡ് ആയിരുന്ന ജഗന്നാഥ് പ്രസാദ്, ആലംനഗറിലെ സ്റ്റേഷൻ കൺട്രോളർക്ക് ഫോൺ വഴി അറിയിച്ചവിവരം, അദ്ദേഹം ഹസ്രത്ത്ഗൻജ് കൺട്രോളർക്ക് കൈമാറിയതുവെച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. അന്നേ ദിവസം ചാർബാഗ് സ്റ്റേഷനിൽ വൈകിട്ട് 7.45ന് എത്തേണ്ട ട്രെയിൻ 8.37ന് വൈകി എത്തിച്ചേരുമ്പോൾ പണപ്പെട്ടി കാണാനുണ്ടായിരുന്നില്ല. (വിവിധ സ്റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റ് വിറ്റ പണം ഒരു തുകൽസഞ്ചിയിലിട്ട് സേഫിൽ സൂക്ഷിക്കുകയാണ് ചെയ്യുക.
എല്ലാ സ്റ്റേഷനുകളിൽനിന്നും പിരിഞ്ഞുകിട്ടുന്ന തുക ഹാൾട്ട് സ്റ്റേഷനിൽ നൽകുന്നതാണ് രീതിയെന്ന് യാദവ് വിശദീകരിച്ചു). നമ്പർ എട്ട് ഡൗൺ ട്രെയിനിലെ അന്നത്തെ കലക്ഷൻ തുക 4679 രൂപയും ചില്ലറയുമായിരുന്നു. ആഗസ്റ്റ് 14ന് മി. ആർ.എ. ഹോർട്ടൺ എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘത്തിന് രൂപംനൽകി. സ്വാതന്ത്ര്യ പോരാളികളായ വിപ്ലവകാരികളാണ് എന്നാണ് ദൃക്സാക്ഷി വിവരണത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിന്‍റെ പ്രാഥമിക നിഗമനം.’’
ബ്രിട്ടീഷുകാരുടെ നുകക്കീഴിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവവിപ്ലവകാരികളായിരുന്നു അവർ. ഉത്തരേന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന്‍റെ ഹബ് ആയി മാറിയ ലഖ്നോക്കു സമീപമുള്ള ഷാജഹാൻപൂർ സ്വദേശികൾ രാംപ്രസാദ് ബിസ്മിൽ, അശ്ഫാഖുല്ല ഖാൻ എന്നിവർ നയിച്ച ഹിന്ദുസ്താൻ റിപ്പബ്ലിക്കൻ ആർമി (എച്ച്.ആർ.എ)യുടെ യുവകേസരികൾ.
രാംപ്രസാദ് ബിസ്മിൽ,അശ്ഫാഖുല്ലാ ഖാൻ
ഗാന്ധിജിയുടെ അഹിംസ സമരംകൊണ്ട് കാര്യമില്ലെന്ന തീർപ്പിൽ സായുധവിപ്ലവസംഘമായി രൂപം കൊണ്ടതാണ് ഹിന്ദുസ്താൻ റിപ്പബ്ലിക്കൻ ആർമി.ഷാജഹാൻപൂരിലെ മുനിസിപ്പൽ ജീവനക്കാരന്‍റെ മകനായിരുന്നു രാംപ്രസാദ്. പിതാവിന് മതിയായ വരുമാനമില്ലാത്തതിനാൽ എട്ടാം തരത്തിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും ഉർദു കവിതലോകത്ത് പേരെടുത്തു ബിസ്മിൽ. ആര്യസമാജക്കാരനായിരുന്ന അദ്ദേഹം പിൽക്കാലത്ത് ഹിന്ദുസ്താൻ റിപ്പബ്ലിക്കൻ ആർമിയു ടെ സജീവപ്രവർത്തകനായി.
പേനയും പിസ്റ്റളും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹത്തിന്‍റെ ആവേശോജ്ജ്വലമായ വരികളും വാക്കുകളുമാണ് ഷാജഹാൻപൂരിലെ മുസ്ലിം ജന്മികുടുംബത്തിൽ ജനിച്ചുവളർന്ന അശ്ഫാഖുല്ല ഖാനെ ആകർഷിക്കുന്നത്. ‘വാർസി’ എന്ന തൂലികാനാമത്തിൽ ഭക്തിയും അനുതാപവും ഉൾച്ചേർത്ത കവിതകളെഴുതിയിരുന്നു അശ്ഫാഖുല്ല. പരിചയപ്പെട്ടതിൽ പിന്നെ ഇരുവരും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഉറ്റമിത്രങ്ങളായി. നിസ്സഹകരണ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകരായി. സ്വരാജ് പാർട്ടിയിൽ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് എച്ച്.ആർ.എയുടെ ഭാഗമായി മാറിയ ആ കൂട്ട് തൂക്കുമരത്തിൽ വരെ അവർ തുടർന്നു.
സായുധ പോരാട്ടത്തിനുള്ള പാർട്ടി രൂപവത്കരിച്ച ബിസ്മിലും കൂട്ടരും ഫണ്ടിനു വഴികാണാതെ വന്നപ്പോൾ ആദ്യമൊക്കെ സമ്പന്നരെ കവർച്ചചെയ്യുകയായിരുന്നു. എന്നാൽ, സ്വന്തം നാട്ടുകാരുടെ സ്വത്ത് മോഷ്ടിക്കുന്നതിലും ഭേദം ബ്രിട്ടീഷുകാരുടേത് കവരുകയാണെന്ന് അവർക്കു തോന്നി. ഒരിക്കൽ ഷാജഹാൻപൂരിൽനിന്ന് ലഖ്നോയിലേക്കു യാത്രചെയ്യവെ, എല്ലാ സ്റ്റേഷനിലും വണ്ടിയെത്തുമ്പോൾ സ്റ്റേഷൻ മാസ്റ്റർ പണസഞ്ചിയുമായി ഓടിവന്ന് അത് ഗാർഡിന്‍റെ കാബിനിനകത്തെ പെട്ടിയിൽ നിക്ഷേപിക്കുന്നത് ബിസ്മിൽ കണ്ടു. അതുതന്നെ തക്കമെന്ന് കണ്ടതോടെ എച്ച്.ആർ.എയുടെ ഗൂഢാലോചനക്ക് കളമൊരുങ്ങി.
ബിസ്മിലിനും അശ്ഫാഖിനും പുറമെ, രാജേന്ദ്ര ലാഹിരി, റോഷൻസിങ്, ചന്ദ്രശേഖർ ആസാദ്, മൻമഥനാഥ് ഗുപ്ത, സചീന്ദ്രനാഥ് ബക്ഷി, കേശബ് ചക്രവർത്തി, മുകുന്ദിലാൽ, ബൻവാരിലാൽ പാണ്ഡെ, കുന്ദൻലാൽ, പ്രണവേശ് മുഖർജി എന്നീ പത്തു പേരായിരുന്നു സംഘത്തിൽ. ബ്രിട്ടീഷുകാരുടെ നായാട്ടിനിടയാക്കുന്ന ഈ സാഹസികപ്ലാൻ ഉപേക്ഷിക്കണമെന്നായിരുന്നു അശ്ഫാഖിന്‍റെ അഭിപ്രായം. എന്നാൽ, ആരും വഴങ്ങുന്നില്ലെന്നു വന്നപ്പോൾ അദ്ദേഹവും അവർക്കൊപ്പം നിന്നു.
ടിക്കറ്റ് കാശ് സൂക്ഷിക്കുന്ന തുകൽസഞ്ചിയും വിധിന്യായത്തിന്‍റെ കവർ പേജും
1925 ആഗസ്റ്റ് ഒമ്പത് വൈകിട്ട് എട്ടു മണി. നിശ്ചയിച്ച പോലെ കാകോരിയിൽ വണ്ടിയെത്തിയപ്പോൾ ലാഹിരി ചെയിൻ വലിച്ചു. അശ്ഫാഖ് ഡ്രൈവറെ പിസ്റ്റൾ ചൂണ്ടി ബന്ദിയാക്കി. ബിസ്മിൽ ഗാർഡിനെ തള്ളിയിട്ടു പെട്ടി കൈക്കലാക്കി. പെട്ടി പൊളിക്കാൻ സഹായിച്ചതും അശ്ഫാഖ് തന്നെ. വെടിവെപ്പിനിടെ ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു. സംഭവമറിഞ്ഞതും ബ്രിട്ടീഷ് പടയിളകി. അന്വേഷണസംഘം ഒരു മാസത്തിനകം ഹിന്ദുസ്താൻ റിപ്പബ്ലിക്കൻ അസോസിയേഷന്‍റെ ഒരു ഡസൻപ്രവർത്തകരെ പിടികൂടി.
സെപ്റ്റംബർ 26ന് ബിസ്മിൽ അറസ്റ്റിലായി. അശ്ഫാഖുല്ല ഖാൻ നേപ്പാളിലേക്കു കടന്നു. അവിടെനിന്ന് കാൺപൂരിലെത്തി. പിന്നീട് ഝാർഖണ്ഡിലെ പലമാവ് ജില്ലയിലെ ദാൽതോൻഗഞ്ചിൽ പേരു മാറി ക്ലർക്ക് ജോലിചെയ്തു. അവിടെനിന്ന് ഡൽഹിയിലെത്തി ഒരു സുഹൃത്തിന്‍റെ വീട്ടിൽ തങ്ങുകയായിരുന്ന അശ്ഫാഖിനെ വീട്ടുകാരൻ ഒറ്റി പൊലീസിന് പിടിച്ചുകൊടുത്തു.
1926 മേയ് 21ന് ലഖ്നോയിൽ ബ്രിട്ടീഷുകാരുടെ കംഗാരു കോടതിയിൽ കാകോരി ഗൂഢാലോചനക്കേസിന്‍റെ വിചാരണ ആരംഭിച്ചു. മറ്റൊരു കേസിൽ ബിസ്മിൽ അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികൾക്ക് കഠിനശിക്ഷ വിധിച്ച ജഗത് നാരായണെ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി കൊണ്ടുവന്നു. കൂട്ടത്തിലെ മുസ്ലിമായിരുന്ന അശ്ഫാഖുല്ലയെ മറ്റുള്ളവർക്കെതിരെ മാപ്പുസാക്ഷിയാകാൻ പൊലീസ് നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
വെള്ളക്കാരുടെ വിഭജനരാഷ്ട്രീയത്തിനെതിരെ ഹിന്ദു-മുസ്ലിം മൈത്രിക്കു നിലകൊണ്ട അശ്ഫാഖ്-ബിസ്മിൽ ദ്വയത്തെക്കുറിച്ചു അധികൃതർ അത്ര മനസ്സിലാക്കിയിട്ടുണ്ടാവില്ല. പ്രതികൾക്കുവേണ്ടി, പിന്നീട് യു.പി മുഖ്യമന്ത്രിയായ ഗോവിന്ദ് വല്ലഭ് പന്ത്, മോഹൻലാൽ സക്സേന തുടങ്ങിയവർ വാദിച്ചു.മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മദൻമോഹൻ മാളവ്യ, ലാലാ ലജ്പത് റായ്, ഗണേഷ് ശങ്കർ വിദ്യാർഥി തുടങ്ങി ദേശീയ പ്രസ്ഥാനനേതാക്കളെല്ലാം വിപ്ലവകാരികൾക്ക് പിന്തുണയുമായെത്തി.
1927 ജൂലൈയിൽ വിധിവന്നു. പതിനഞ്ചോളം പേരെ തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചു. അഞ്ചുപേർ വിചാരണക്കാലത്ത് തടവുചാടി. രാം പ്രസാദ് ബിസ്മിൽ, അശ്ഫാഖുല്ല ഖാൻ, ഠാകുർ റോഷൻസിങ്, രാജേന്ദ്ര ലാഹിരി എന്നിവർക്ക് വധശിക്ഷ വിധിച്ചു. രാജ്യവ്യാപകമായി പ്രതിഷധം അലയടിച്ചു. കേന്ദ്രനിയമനിർമാണസഭയിലെ അംഗങ്ങൾ വൈസ്രോയിക്കു നവേദനം നൽകി. 1927 ആഗസ്റ്റ് 22ന് വധശിക്ഷയുടെ അന്തിമവിധി വന്നു.
78 നിയമനിർമാണസഭ അംഗങ്ങളുടെ ഒപ്പ് ശേഖരിച്ച് മദൻമോഹൻ മാളവ്യ ഇർവിൻപ്രഭുവിന് ദയാഹരജി സമർപ്പിച്ചതു തിരസ്കരിക്കപ്പെട്ടു. 1927 സെപ്റ്റംബർ 16ന് ബ്രിട്ടീഷ് രാജാവിനു സമർപ്പിച്ച ദയാഹരജി കൂടി തള്ളിയതോടെ ഡിസംബർ 19ന് ഗോരഖ്പൂർ ജയിലിൽ മുപ്പതുകാരൻ രാംപ്രസാദ് ബിസ്മിലും ഫൈസാബാദ് ജയിലിൽ കൂട്ടുകാരൻ 27 വയസ്സുള്ള അശ്ഫാഖുല്ലയും അലഹബാദിലെ നൈനി ജയിലിൽ ഠാകുർ റോഷൻ സിങ്ങും തൂക്കിലേറ്റപ്പെട്ടു. അതിനു രണ്ടുനാൾ മുമ്പ് ഗോണ്ട ജയിലിൽ രാജേന്ദ്ര ലാഹിരിയും.
തൂക്കുമരത്തോളം കാത്തുസൂക്ഷിച്ച സ്നേഹബന്ധത്തിലൂടെ രാംപ്രസാദ് ബിസ്മിലും അശ്ഫാഖുല്ല ഖാനും വിഭജനരാഷ്ട്രീയത്തിനെതിരെ വാക്കിലും പ്രവൃത്തിയിലും ഒന്നിച്ചുനിന്നു. ശിക്ഷ കാത്തുകഴിയുന്ന അവസാനനാളുകളിലും അവർ നെയ്തുകൊണ്ടിരുന്നത് സാഹോദര്യത്തിലും സമത്വത്തിലും വിരിയുന്ന ഭാവി ഇന്ത്യയുടെ സ്വപ്നമായിരുന്നു. ഇരുവരും ജയിലിൽനിന്നു ഒളിച്ചുകടത്തിയ കുറിപ്പുകളിൽ നിറയെ ആ കിനാക്കളുടെ മധുരം കിനിഞ്ഞു.
‘‘ഈ രക്തസാക്ഷിത്വം വെറുതെയാവില്ല. ഞങ്ങളുടെ മരണം ഹിന്ദു-മുസ്ലിം മൈത്രിയെ ഉദ്ദീപ്തമാക്കും... ഞങ്ങളുടെ ത്യാഗം ഐക്യഭാരതത്തിനുവേണ്ടിയാണ്. ഈ ഐക്യമാവും ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വാതന്ത്ര്യം നേടിത്തരിക’’ -ബിസ്മിൽ അവസാനകുറിപ്പുകളിൽ ഓർമിപ്പിച്ചു.
അശ്ഫാഖുല്ല കിനാവു കണ്ട സ്വതന്ത്ര ഇന്ത്യയിതാ: ‘‘ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടീഷുകാർക്കു പകരം നമ്മുടെ ജനത അധികാരം കൈയടക്കുകയും ചെയ്തശേഷവും ധനിക-ദരിദ്ര, ഭൂവുടമ-കർഷക വിവേചനങ്ങൾ തുടരുകയാണെങ്കിൽ ഞാൻ പ്രാർഥിക്കും: ദൈവമേ, സമത്വം കൈവരുന്ന നാളുവരെ ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകരുതേ. ഇങ്ങനെ വിശ്വസിക്കുന്ന എന്നെ കമ്യൂണിസ്റ്റ് എന്നു വിളിച്ചാലും കുഴപ്പമില്ല. ഞാൻ ഉറച്ച ദൈവവിശ്വാസിയാണ്.
ദൈവം എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് തുല്യരായാണ്... എന്‍റെ മരണശേഷം ഒരു നല്ലനാൾ പുലർന്നുകാണണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു. അന്നാളിൽ ലോകോ വർക്ക് ഷോപ്പിലെ മെക്കാനിക് അബ്ദുല്ലയും ചെരുപ്പുകുത്തി ധാനിയയും സാധാരണ കർഷകരും ലഖ്നോവിൽ അവധ് രാജകൊട്ടാരമായ ഛാത്തർ മൻസിലിൽ ചൗധരി ഖലീഖുസ്സമാന്‍റെയും ജഗത് നാരായൺ മുല്ലയുടെയും രാജാ മഹ്മൂദാബാദിന്‍റെയും മുന്നിൽ കസേരയിട്ട് മുഖാമുഖം ഇരിക്കും.’’
അവധ് നാട്ടുരാജ്യത്തെ ജയിലിൽ കിടന്ന് അവർ കണ്ട സ്വപ്നത്തിൽനിന്ന് പുതിയ കാലത്ത് അയോധ്യയായി മാറിയ ആ ദേശവും സംസ്ഥാനമായ യു.പിയും എത്ര മാറി? ആ മാറ്റത്തിനുള്ള സാധ്യത കണ്ടറിഞ്ഞാവുമോ യൗവനത്തിന്‍റെ നിറനാളുകളിൽ അശ്ഫാഖുല്ല ഖാൻ മേൽ പ്രാർഥനകൾ നടത്തിയിട്ടുണ്ടാവുക? അവരുടെ സ്വപ്നങ്ങളിൽനിന്നും പ്രാർഥനകളിൽനിന്നും മാറി വിദ്വേഷരാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി മാറിയ യു.പിയുടെ തലസ്ഥാനത്ത് രക്തസാക്ഷികളുടെ ചിത്രങ്ങളുമായി കാകോരി റെയിൽവേ സ്റ്റേഷൻ തലയുയർത്തിപ്പിടിച്ചു നിൽക്കുകയാണിപ്പോഴും; ഉജ്ജ്വലമായ ആ പഴയ ഭൂതകാലത്തിലേക്ക് ചൂളമടിച്ചുകൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.