തൃശൂർ: പൊലീസ് സ്റ്റേഷനിൽ മർദിക്കപ്പെട്ടതിന്റെയും അപമാനിതരാക്കപ്പെട്ടതിന്റെയും ദൃശ്യങ്ങൾ തേടി രണ്ടു പേർ നടത്തുന്ന പോരാട്ടങ്ങൾ മാസങ്ങൾ പിന്നിട്ടു. വലപ്പാട്, ചേർപ്പ് പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾക്കായാണ് പടിഞ്ഞാറേ വെമ്പല്ലൂർ കിള്ളിക്കുളങ്ങര വീട്ടിൽ കെ.ആർ. റിജിത്തും ചേർപ്പ് വെസ്റ്റ് പട്ടികക്കാരൻ വീട്ടിൽ അസ്ഹർ മജീദും പോരാട്ടം നടത്തുന്നത്.
2024 നവംബർ 20ന് സ്കൂട്ടർ യാത്രക്കിടെയുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ചെന്നപ്പോൾ വല്ലാപ്പാട് പൊലീസ് സ്റ്റേഷനിൽ മർദനത്തിന് ഇരയായെന്നാണ് റജിത്തിന്റെ പരാതി. റിജിത്തിന്റെ ഭാര്യയെക്കുറിച്ച് അശ്ലീല ആംഗ്യത്തോടെ പരാമർശിച്ച് എസ്.എച്ച്.ഒ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയുണ്ട്. ഈ സംഭവത്തിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ് റിജിത്ത് ആവശ്യപ്പെട്ടത്.
2025 ജൂൺ 14ന് ചേർപ്പ് സ്റ്റേഷനിൽവെച്ച് മർദനമേറ്റുവെന്നാണ് അസ്ഹർ മജീദിന്റെ പരാതി. മാത്രമല്ല, പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് അസ്ഹറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാനും പൊലീസ് മർദനത്തിന്റെ തെളിവ് ശേഖരിക്കാനുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ആദ്യം പൊലീസ് ഈ ആവശ്യം തള്ളി. തുടർന്ന് കോടതിയെ അടക്കം സമീപിച്ചിട്ടുണ്ട്.
വലപ്പാട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ റിജിത്തിന് കൈമാറണമെന്ന് വിവരാവകാശ കമീഷൻ ഉത്തരവിട്ടിട്ടുണ്ട്. ജനുവരി അഞ്ചിനകം ഇവർക്ക് ദൃശ്യങ്ങൾ നൽകണമെന്നാണ് നിർദേശം. അതേസമയം, ചേർപ്പ് സ്റ്റേഷനിലെ ദൃശ്യങ്ങൾക്കായുള്ള അസ്ഹർ മജീദിന്റെ അപേക്ഷകളും പോരാട്ടങ്ങളും നീണ്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.