ചില സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ചത് ഗൗരവകരം -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾ പിൻവലിച്ചത് ഗൗരവകരമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതും ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത പണം തിരികെ നൽകുകയും ചെയ്തതിനെ ഗൗരവത്തോടെ കാണുന്നു. ഈ വിഷയത്തിൽ രേഖാമൂലവും മൊബൈൽ ഫോൺ വഴിയും രക്ഷകർത്താക്കൾ പരാതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല. ജാതി, മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന പഠിക്കുകയും വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. അവിടെ വേർതിരിവിന്‍റെ വിഷവിത്തുക്കൾ പാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

ഓണവും ക്രിസ്മസും പെരുന്നാളും എല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കേണ്ടത് ഇത്തരം ഒത്തുചേരലിലൂടെയാണ്. ആഘോഷം നിശ്ചയിച്ച് പണം പിരിച്ച ശേഷം അത് വേണ്ടെന്നുവെച്ച് പണം തിരികെ നൽകിയ നടപടി കുട്ടികളുടെ മനസിനെ മുറിപ്പെടുത്തുകയും ക്രൂരമായ നടപടിയുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Tags:    
News Summary - It is serious that some private schools have withdrawn Christmas celebrations - Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.