ഗർഭിണിയെ മർദിച്ച പ്രതാപചന്ദ്രനെതിരെ കേസെടുത്തില്ല, എസ്.എച്ച്.ഒക്കെതിരായ പരാതി പരിശോധിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം

കൊച്ചി: ഗർഭിണിയെ മർദിച്ചതിന് എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ കേസ് എടുക്കാത്ത സി.ഐക്കെതിരെ നടപടി പരിശോധിക്കാൻ നിർദ്ദേശം. തൊടുപുഴ സ്വദേശിയും ഗർഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിച്ച വിഡിയോ പുറത്ത് വന്നിട്ടും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പ്രതാപചന്ദ്രനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാത്ത നിലവിലത്തെ സ്റ്റേഷൻ എസ്.എച്ച്.ഒ ജിജിൻ ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു.

ഈ പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. വകുപ്പ് തല നടപടിക്ക് വിധേയമാക്കി പ്രതാപചന്ദ്രനെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക എന്ന നിയമപരമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുൻ സർക്കിൾ ഇൻസ്‌പെക്ടറെ നിലവിലത്തെ സ്റ്റേഷൻ എസ്.എച്ച്.ഒ കേസ് എടുക്കാതെ സംരക്ഷിക്കുന്നത് ഗുരുതര കൃത്യവിലോപത്തിന്റെ ഭാഗമാണെന്ന് കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ നിഷ്‌പക്ഷ പൊലീസ് നടപടിക്രമങ്ങളിൽ പൊതു സമൂഹത്തിന് സംശയം ഉണ്ടാകുന്നതാണെന്നും മുഖം നോക്കാതെ നടപടിയെന്ന സർക്കാർ നയം പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖത്തടിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ കുറ്റക്കാരനായ പ്രതാപചന്ദ്രനെ വ്യാഴാഴ്ച രാത്രിതന്നെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു കേസിൽ രണ്ട് പേരെ മഫ്തി പൊലീസ് മർദിക്കുന്നത് മൊബൈലിൽ പകർത്തിയതിനാണ് എറണാകുളം നോർത്തിൽ ഹോട്ടൽ നടത്തുന്ന ബെൻ ജോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേക്കുറിച്ച് അന്വേഷിച്ച് ഇരട്ടകളായ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോളെ മറ്റ് പൊലീസുകാരുടെ സാന്നിധ്യത്തിൽ പ്രതാപചന്ദ്രൻ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് നൽകിയത്.

നിലവിൽ അരൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കരുതെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ഷൈമോളുടെയും കുടുംബത്തിന്‍റെയും ആവശ്യം. മഫ്തിയിൽ അവിടെയുണ്ടായിരുന്ന മറ്റ് പൊലീസുകാർ മർദനം തടയാൻ ശ്രമിച്ചെില്ലെന്നും പരാതിയുണ്ട്. ഇവർക്കെതിരെയും പരാതിക്കാരി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കൈയ്യേറ്റം ചെയ്തപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് പ്രതാപചന്ദ്രന്‍റെ വിശദീകരണം. എന്നാൽ, ഇയാളുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഷനിൽ താൻ അതിക്രമം കാണിച്ചിട്ടില്ലെന്നും നെഞ്ചിൽ പിടിച്ച് തള്ളിയത് ചോദ്യം ചെയ്തപ്പോൾ മുഖത്തടിക്കുകയായിരുന്നു എന്നും ഷൈമോൾ പറയുന്നു. ഭർത്താവിനെ പൊലീസ് മർദിക്കുന്നത് കണ്ടപ്പോൾ നിലവിളിച്ചു. താൻ സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ അവിടെനിന്ന് പോരുന്നത് വരെയുള്ള തെളിവുകൾ കൈവശമുണ്ട്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ അവ കോടതിയിൽ ഹാജരാക്കുമെന്നും ഷൈമോൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Pratapachandran Case, police chief directed to investigate complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.