എസ്.ഐ.ആർ: കേരളത്തിൽ വോട്ടുവെട്ടാൻ ബി.ജെ.പിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ആരെന്ന് പരിശോധിക്കണം -ഷാഫി പറമ്പിൽ

കോഴിക്കോട്: എസ്.ഐ.ആർ നടപ്പാക്കുമ്പോൾ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെടുന്നവരെ സംബന്ധിച്ച് ഏറ്റവും താഴെത്തട്ട് വരെ കൃത്യമായി പഠിക്കാനും അതിന്റെ കണക്കുകൾ അവതരിപ്പിക്കാനും കെപിസിസി കോർ കമ്മിറ്റി യോഗം തീരുമാനിച്ചതായി ഷാഫി പറമ്പിൽ എം.പി. തങ്ങളു​ടെ അജണ്ട നടപ്പാക്കാൻ ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ കവരുക എന്നതാണ് ബിജെപി അജണ്ട. അത് കേരളത്തിലും നടപ്പിലാകുന്നുണ്ടെങ്കിൽ അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ആരാണെന്ന് പരിശോധിക്കണ​മെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ താഴെ തട്ടിൽ നിന്ന് വിശദാംശങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തി​ലെ എസ്.ഐ.ആർ പട്ടികയിൽ ബിജെപി അനുകൂല നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആര് ചെയ്തു കൊടുക്കുന്നു എന്നത് കണ്ടെത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഇടയിൽ തന്നെ എസ്.ഐ.ആർ പ്രക്രിയ നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർബന്ധത്തിനെതിരെ നിയമപോരാട്ടം ഉൾപ്പെടെ നടത്താൻ ശ്രമിച്ചതാണ് പാർട്ടി. ഇന്നലെ ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റിയിൽ താഴെതട്ടുമുതൽ വളരെ കൃത്യമായി കാര്യങ്ങൾ പഠിക്കാനും പ്രതികരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എസ്.ഐ.ആറിന് പിന്നിലെ അജണ്ടകളെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും കോൺഗ്രസ് തുടക്കത്തിലേ തുറന്നു കാണിക്കുന്നുണ്ട്. വോട്ടുചോരി എന്നാണ് എസ്.ഐ.ആറിനെ കുറിച്ച് രാഹുൽ ഗാന്ധി തുടക്കം മുതൽ പറയുന്നത്’ - ഷാഫി പറമ്പിൽ പറഞ്ഞു.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറയായ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ, അതുറപ്പുവരുത്തേണ്ട സംവിധാനം തന്നെ കൊല്ലാൻ ശ്രമിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും നമ്മൾ കണ്ടത്. ബിഹാറിലും ബംഗാളിലും പറഞ്ഞു കേട്ട വോട്ടുചോരി കേരളത്തിലും ബിജെപി നടപ്പാക്കുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമാണ്. അത് ആരാണ് അവർക്ക് വേണ്ടി നടപ്പിലാക്കി കൊടുക്കുന്നത്? കേന്ദ്രീകൃത സംവിധാനമാണോ അതോ താഴെ തട്ടുവരെ ഈ നെറ്റ്‌വർക്ക് നടപ്പിലാക്കി കൊടുക്കാൻ നിൽക്കുകയാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കേണ്ടതാണ്. കൂടുതൽ കണക്കുകൾ പഠിച്ച ശേഷം പ്രതികരിക്കാം.

കോൺഗ്രസ് നേതൃത്വം ജനങ്ങളുടെ മുമ്പാകെ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും ഗൗരവം വർധിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ തൃശ്ശൂർ വോട്ട് ചോരി ആരോപണം സംബന്ധിച്ച് ഇപ്പോൾ ഉണ്ടാകുന്നത്. ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തിയ ​ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കും -ഷാഫി പറമ്പിൽ പറഞ്ഞു. 

Tags:    
News Summary - shafi parambil against sir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.