നിതിൻ രാജ്

നിതിൻ രാജിന്റെ മരണം; അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ പട്ടികജാതി കമീഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ദേശീയ പട്ടികജാതി കമീഷൻ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്റെ അടിയന്തര ഇടപെടൽ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡി.ജി.പിക്ക് കമീഷൻ കർശന നിർദേശം നൽകി.

നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കാമ്പസിനകത്തും പുറത്തും പ്രതിഷേധം കടുക്കുകയാണ്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് ആരോപിച്ച് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കോളജിലേക്ക് വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാമ്പസിനകത്തേക്ക് തള്ളിക്കയറിയ പ്രവർത്തകർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും തുടർന്ന് പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. ‘വർഗീയ പരാമർശങ്ങൾ നടത്തുന്ന ഒരു അധ്യാപകനെയും കാമ്പസിൽ വാഴാൻ അനുവദിക്കില്ല’ എന്ന് കെ.എസ്.യു നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ പ്രേരണാക്കുറ്റത്തിന് കേസെടുക്കപ്പെട്ട ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയതോടെ ഇവർ നാടുവിട്ടതായാണ് വിവരം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് നിതിൻ രാജിന്റെ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. നിതിൻ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

നിലവിൽ രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം, നിതിൻ പണം കടമെടുത്തു എന്ന് പറയപ്പെടുന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെയുള്ള കേസ്. എന്നാൽ, ലോൺ ആപ്പിനെതിരെ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ആരോപണമുയർന്നിട്ടുണ്ട്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മാത്രമാണോ അതോ അധ്യാപകരുടെ ജാതീയമായ അധിക്ഷേപമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും സംഘടനകളുടെയും ആവശ്യം.

Tags:    
News Summary - Nitin Raj's death; National Commission for Scheduled Castes seeks report within five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.