നിതിൻ രാജിന്‍റെ മരണം: അഞ്ചരക്കണ്ടി ഡന്‍റൽ കോളജിൽ തള്ളിക്കയറി കെ.എസ്.യു പ്രതിഷേധം; സംഘർഷം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തുംതള്ളും സംഘർഷവും. പൊലിസ് ബാരിക്കേഡ് മറികടന്ന് കോളജിൽ തള്ളിക്കയറിയ പ്രവർത്തകരെ ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിനും പ്രതിരോധത്തിനും ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിന് പൊലിസ് കോളജിനു പുറത്ത് ബാരിക്കേഡ് തീർത്ത് സുരക്ഷ ഒരുക്കുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി കോളജിലേക്ക് വളപ്പിലേക്ക് ഇരച്ചുകയറിയത്. കോളജിന്‍റെ പ്രധാന കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലിസ് തടഞ്ഞു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളിനുമിടയാക്കി.

വിവിധ വിദ്യാർഥി സംഘടകൾ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നതിനാൽ കോളജ് പരിസരത്ത് വൻ തോതിൽ പൊലീസിനെ വ്യന്യസിച്ചിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസർ, സബ് കലക്ടർ എന്നിവർ ഇന്ന് രാവിലെ കാമ്പസിലേക്ക് എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

പ്രധാന കവാടത്തിൽ കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ്ചെയ്ത് നീക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷമ്മാസ്, ഫർഹാനൻ മുണ്ടേരി, ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

നിതിൻ രാജിന്‍റെ മരണം സ്ഥാപന കൊലപാതകമാണെന്നും വിഷയത്തിൽ അധ്യാപകരുടെ പങ്ക് വ്യക്തമായിട്ടും പൊലീസ് അറസ്റ്റിന് തയ്യാറായില്ലെന്നും ഷമ്മാസ് പറഞ്ഞു. ഇത് പ്രതിഷേധത്തിന്‍റെ തുടക്കം മാത്രമാണ്. നിതിൻ രാജിന് നീതി ലഭിക്കാൻ ശക്തമായ സമരവുമായി മുന്നോട്ടുനീങ്ങും. നിതിൻ രാജിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ.എസ്.യു ആരോപിച്ചു. നിതിന്‍റെ മരണത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും കെ.എസ്.യു ആരോപിച്ചു. അതേസമയം നിതിൻ രാജിനെ പ്രതിയാക്കുന്ന തരത്തിൽ അധ്യാപികയുടെ പരാതിയിൽ മറ്റൊരു സൈബർ കേസ് പൊലീസ് ഇന്നലെ രജിസ്റ്റർ ചെയിതിട്ടുണ്ട്. ഇത് കേസ് അട്ടിമറിക്കാനാണെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡന്‍റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാര്‍ഥിയായ നിതിൻ രാജിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിൽ നിന്ന് വകുപ്പ് മേധാവി ഡോ. എം.കെ റാം, അസോസിയേറ്റ് പ്രൊഫസർ സംഗീതാ നമ്പ്യാർ എന്നിവർ നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

Tags:    
News Summary - Nithin Raj's death: KSU protests at Ancharakandi Dental College; Clashes break out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.