നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കോഴിക്കോട്: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിർണായക തെളിവ് പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പൊലീസിന് ലഭിച്ചത്. ലോൺ ആപ്പിന്റെ വിവരങ്ങൾ അറിയുന്നതിനായാണ് നിതിൻ രാജിനെ പ്രിൻസിപ്പൽ വിളിപ്പിച്ചതെന്നറിയുന്നു. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴി നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഇതിനിടെ, കണ്ണൂർ അഞ്ചരക്കണ്ടി ​​ഡെന്റൽ കോളജിൽ നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവിൽ തന്നെ. അധ്യാപകരെ കണ്ടെത്തുന്നതിനായുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ, ആവശ്യമായ തെളിവുകൾ കണ്ടെത്തുന്നതിനാണ് ആദ്യഘട്ടത്തിൽ അന്വേഷണ സംഘം പ്രാധാന്യം കൊടുക്കുന്നത്. ഇവരെ പിടികൂടുന്നതോടെ ​ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. എല്ലാ തെളിവുകൾക്കും മുകളിലാണ് വിദ്യാർഥികൾ അധ്യാപകർക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ. റാമിനെതിരെ വൻ വിമർശനമാണ് നിധിന്റെ സഹപാഠികളിൽ നിന്നുണ്ടാകുന്നത്. റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ കഴിയില്ല, ശരിക്കുമൊരു മൃഗമാണെന്ന് വരെ വിദ്യാർഥികൾ പറയുന്നു.

ഡോ. റാം ജാതീയമായി ആക്ഷേപിക്കുകയും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവാണ്. ഇതിന്‍റെ പേരിൽ നേരത്തെ വകുപ്പു തല നടപടിക്ക് വിധേനായിട്ടുണ്ട്. പോടിച്ചിട്ടാണ് പ്രതികരിക്കാതിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. തലയിൽ അടിക്കും, ചെവിയിൽ പിടിക്കും, ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, ചെറുതായിട്ട് അടിച്ചാൽ അത് പോരെന്ന് പറഞ്ഞ് ശക്തമായി അടിപ്പിക്കും... ഇങ്ങനെ ഡോ. റാമിനെതിരെ വിദ്യാർഥികൾ നിരത്തുന്ന ആരോപണങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന വിദ്യാഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ അധ്യാപകനിൽനിന്ന് കഴിഞ്ഞ കാലങ്ങളിൽ നേരിട്ട പീഡനങ്ങൾ എണ്ണി എണ്ണിപ്പറയുകയായിരുന്നു.

'പേടിച്ചിട്ടാണ് ഞങ്ങൾ ഇതുവരെ ഒന്നും പറയാതിരുന്നത്. ട്രോമയാണോ, ആങ്സൈറ്റിയാണോ, ഡിപ്രഷനാണോ ഏത് സ്റ്റേജിലൂടെയാണ് കടന്ന് പോകുന്നതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ. എന്തെങ്കിലും പ്രതികരിച്ചാൽ വകുപ്പ് മേധാവിക്ക് ഞങ്ങളെ പരീക്ഷയിൽ പരാജയപ്പെടുത്താൻ സാധിക്കും. ഡോ. റാമിനെക്കുറിച്ച് നേരത്തെ ഡീനിന് പരാതി കൊടുത്തിട്ടുണ്ട്'. അവസാന വിദ്യാർഥി നയന പറഞ്ഞു. ബോഡി ഷെയിമിങ് നടത്താറുണ്ടെന്നും പേരന്‍റ്സ് മീറ്റിങിന് എത്തിയ രക്ഷിതാക്കളോട് മോശമായി പെരുമാറിയിരുന്നുവെന്നും നയന പറഞ്ഞു. ആൻസർപേപ്പർചുരുട്ടിയെറിഞ്ഞും വൈവ പൂർത്തിയാക്കില്ല, ഇന്റേണൽ എക്സാം പാസാകില്ല എന്നെല്ലാം പറഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പരീക്ഷ മുടങ്ങും. നേരത്തെ പലരെയും ഇത്തരത്തിൽ പരാജയപ്പെടുത്തിയിട്ടുണ്ട്. അത് പോടിച്ചിട്ടാണ് ആരും പ്രതികരിക്കാതിരുന്നതെന്നും നയന പറഞ്ഞു.

നേരത്തെ രക്ഷിതാക്കൾ ആരോഗ്യ സർവകലാശാലയിൽ നൽകിയ പരാതിയിൽ ഡോ. റാമിനെ രണ്ടു മാസം സസ്പെന്‍റ് ചെയ്തിരുന്നുവെന്നും നയന കൂട്ടിച്ചേർത്തു. മരിച്ച ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന് നീതി ലഭിക്കണമെന്നും വകുപ്പു മേധാവിക്കെതിരെയുള്ള പരാതികളിൽ നടപടി എടുക്കണമെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ജാതീയവും മാനസികയും ശാരീരികവുമായ പീഡനങ്ങൾ അവനാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അവസാന വർഷ വിദ്യാർഥികൾ പ്രിതിഷേധിക്കുന്നത്. നിതിന് ലഭിക്കണംവിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Nithin Rajs death Police received footage of him crying from the principal's room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.