കോട്ടയത്ത്​ വീട്ടമ്മയെ തലക്കടിച്ച്​ കൊന്നു, ഭർത്താവിനെ ഷോക്കേൽപിച്ചു; മോഷണശ്രമമെന്ന്​ സംശയം

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത്​ വീട്ടമ്മയെ വീടിനുള്ളിൽ തലക്കടിച്ചും ഷോക്കേൽപ്പിച്ചും കൊലപ്പെടുത്തി. തലയ്ക്കടിയേറ്റ്​ രക്തം വാര്‍ന്ന്​ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60)മരിച്ചത്. ഭര്‍ത്താവ് സാലി (63)യെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും കൈ ഇരുമ്പു കമ്പി ഉപയോഗിച്ചു പിന്നിലേക്കു  കെട്ടി ഇതിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നു. പാചക വാതക സിലിണ്ടര്‍ മൃതദേഹത്തിനു സമീപം തുറന്നുവച്ച നിലയിലും കണ്ടെത്തി. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ചുവന്ന വാഗണ്‍ ആര്‍ കാര്‍ മോഷ്​ടിക്കപ്പെട്ടിട്ടുണ്ട്. അലമാര തുറന്ന് അലങ്കോലമാക്കിയ നിലയിലായിരുന്നു.

കൊല്ല​പ്പെട്ട ഷീബ
 

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: സാലിയും ഷീബയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഉമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതിരുന്ന വിദേശത്തുള്ള മകള്‍ ഷാനി അയല്‍വാസിയായ ബന്ധുവിനെ വിളിച്ചു കാര്യം തിരക്കി. ഇതേസമയം, സാലിയുടെ വാടക വീട് കാണാൻ രണ്ടു പേരും വീട്ടിലെത്തിയിരുന്നു. വീട്ടിനുള്ളില്‍ പാചകവാതകത്തി​​​​െൻറ ഗന്ധം വന്നതോടെ ഇവര്‍ അയൽക്കാരെയും തുടർന്ന്​ അഗ്നിശമന സേനയെയും പൊലീസിനെയും അറിയിച്ചു. 

 

സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വാതില്‍ തുറന്നപ്പോള്‍ മുറിക്കുള്ളില്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നതിനാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കി പാചക വാതക ചോര്‍ച്ച പരിഹരിച്ച ശേഷം ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ ഷീബ മരിച്ചു. 

മൃതദേഹം കിടന്ന മുറിയിലെ ഫാനി​​​​െൻറ ലീഫ് വളഞ്ഞിരുന്നു. ടീപ്പോയി ഒടിഞ്ഞ നിലയിലും കാണപ്പെട്ടു. 

അടുക്കളയില്‍ അടുപ്പില്‍ മുട്ട പുഴുങ്ങാന്‍ വച്ചിരുന്നു. പാത്രത്തിലെ വെള്ളം വറ്റിയ നിലയിലാണ്​. അഗ്നിശമന സേനയാണ്​  സ്റ്റൗ ഓഫ് ചെയ്തത്. ഒരു ചപ്പാത്തി പരത്തിയ നിലയിലും കറിക്ക്​ ഉള്ളി അരിഞ്ഞ നിലയിലും കാണപ്പെട്ടു. അടുക്കളയില്‍ തന്നെയുണ്ടായിരുന്ന മറ്റൊരു സിലിണ്ടറാണ്​ തുറന്നുവിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്.

മൂര്‍ച്ചയില്ലാത്ത, ഭാരമേറിയ ഇരുമ്പുകമ്പിയോ വടിയോ വിറകോ ഉപയോഗിച്ചാണ്​ കൊലപാതകമെന്നാണു നിഗമനം. മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമത്തിനിടെയോ കൊലപ്പെടുത്താൻ അടിക്കുന്നതിനിടെയോ ഫാനും ടീപ്പോയും തകര്‍ന്നതാകാമെന്നും സംശയിക്കുന്നു. 


വിരലടയാള വിദഗ്​ധരും ഡോഗ്​സ്​ക്വാഡും സ്​ഥലത്ത്​ എത്തി. ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​, ഡിവൈ.എസ്​.പി പി.ആർ. ശ്രീകുമാർ, ക്രൈം ബ്രാഞ്ച്​ ഡിവൈ.എസ്​.പി ഗിരീഷ്​ പി. സാരഥി, വെസ്​റ്റ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ എം.ജെ. അരുൺ, എസ്​.​ഐ ടി. ശ്രീജിത്ത്​ എന്നിവരുടെ നേതൃത്വത്തിലാണ്​ അന്വേഷണം പുരോഗമിക്കുന്നത്​.

Tags:    
News Summary - murder kottayam kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.