തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യവും സേവ ഗസ്സ സംഗമവുമായി കേരള മീഡിയ അക്കാദമിയുടെ അന്തർദേശീയ മാധ്യമോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഐക്യദാർഢ്യസമ്മേളനത്തിൽ ഫലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷേഷ് മുഖ്യാതിഥിയാകും. ‘മാധ്യമം നേരിനും സമാധാനത്തിനും’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സമ്മേളനം ധനമന്ത്രി കെ. എൻ ബാലഗോപാലും പ്രതിപക്ഷനേതാവ് വി .ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ പതാകയിലെ നിറങ്ങളുള്ള പട്ടം ഉയർത്തിയാകും ഉദ്ഘാടനം.
ആയിരത്തിലധികം മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവൽ സെപ്തംബർ 30ന് വൈകുന്നേരം 5.30ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ മാധ്യമപ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങും.
ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് (2022, 2023, 2024) നേടിയ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്ദീപ് സർദേശായി എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.
സേവ് ഗസ്സ സംഗമം ഒക്ടോബർ രണ്ടിന് വൈകുന്നേരം ആറിന് വൈകുന്നേരം 6.30 ന് മാനവീയം വീഥിയിൽ നടക്കും. ഗസ്സയിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട മുന്നൂറിലധികം മാധ്യമപ്രവർത്തകർക്ക് പ്രണാമമേകുന്ന പ്രദർശനവും ഇതോടൊപ്പം നടക്കും.
പ്രഗത്ഭ മാധ്യമപ്രവർത്തകരുടെ നിര ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, അക്കാദമി സെക്രട്ടറി എസ്.എസ് അരുൺ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.