തിരുവനന്തപുരം: നവകേരള സർവേയിൽ രാഷ്ട്രീയമില്ലെന്നും സർക്കാറും സി.പി.എമ്മും വാദിക്കുന്നതിനിടെ തുടർഭരണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവഹണ സമിതി അംഗങ്ങൾക്ക് 2025 ഒക്ടോബർ 22ന് തലസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. ഇതിനകം നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും മുന്നേറാനുണ്ടെന്നും ശബ്ദരേഖയിൽ മുഖ്യമന്ത്രി പറയുന്നു.
‘ആ മുന്നേറ്റത്തിന് ഒരു തുടർഭരണം എന്നത് ഒഴിച്ചുകൂടാത്തതാണ്. ഇതുകൂടി, പോകുന്ന ആളുകളുടെ മനസിലുണ്ടാവണം. വലിയൊരു ദൗത്യമാണ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഈ പോകുന്ന (സർവേക്ക്) വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസിലാക്കിയവരാകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ പറഞ്ഞുവിവരിക്കണ’മെന്നും ശബ്ദരേഖയിൽ മുഖ്യമന്ത്രി പറയുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ ജനങ്ങളുടെ നികുതി പണം ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായിരുന്നു നവകേരള സർവേയെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ ശബ്ദരേഖയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.