തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി നൽകിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചും വിവരങ്ങൾ നൽകിയില്ലെന്ന ഓഡിറ്ററുടെ ആക്ഷേപത്തെ തള്ളിയും മുഖ്യസംഘാടന ചുമതല നിർവഹിച്ച ഈവന്റ് മാനേജ്മെന്റ് സ്ഥാപനം. കഴിഞ്ഞദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയ കത്തിലാണ് ഊരാളുങ്കലിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐ.സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ) ഇക്കാര്യങ്ങൾ വൽക്തമാക്കിയത്. കണക്കുകളിലും ചെലവുകളിലും ചില പോരായ്മകളുണ്ടെന്ന ദേവസ്വം ബോർഡിന്റെ വാദം തള്ളുന്നതാണ് ട്രിപ്പിൾ ഐ.സിയുടെ കത്ത്.
സംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും കൃത്യമായി സമർപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ഓഡിറ്റർ ഒരു വിവരവും തേടിയില്ലെന്ന് സ്ഥാപനം പറയുന്നു. ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തോട് സമർപ്പിച്ച എസ്റ്റിമേറ്റ് തുക കുറക്കാൻ ആവശ്യപ്പെടുമെന്നാണ് കഴിഞ്ഞദിവസത്തെ ദേവസ്വം ബോർഡ് യോഗശേഷം പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞത്.
തുക കുറക്കണമെന്ന ബോർഡിന്റെ ആവശ്യത്തിൽ ഉപകരാർ കൊടുത്ത സ്ഥാപനങ്ങളുമായുൾപ്പെടെ ചർച്ചക്കൊരുങ്ങുകയാണ് ഈവന്റ് മാനേജ്മെന്റ് കമ്പനി. സംഗമം നടത്തിപ്പിന് 6.45 കോടി ചെലവായെന്നാണ് കണക്ക്. ചെലവ് 4.99 കോടിയിൽ നിർത്താനാണ് ബോർഡിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.