പത്തനാപുരം :സോളാർ ഗൂഢാലോചന കേസിൽ പരാതിക്കാരിയുടെ കത്ത് ഗണേഷ്‌കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൈമാറിയിരുന്നതായി ഫെനി ബാലകൃഷ്ണന്റെ മൊഴി. കേസിന്റെ വിചാരണ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറ്റി വയ്ക്കണമെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ ആവശ്യം കോടതി പരിഗണിക്കാൻ ഇരിക്കുന്നതെ ഉള്ളു. ഇതിനിടെയാണ് സരിതയുടെ മുൻ അഭിഭാഷകനായിരുന്ന അഡ്വ:ഫെനി ബാലകൃഷ്ണൻ കോടതിയിൽ ഹാജരായി മൊഴി നൽകിയത്.
പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പ്രദീപ് കുമാറിനും , ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനും കത്ത് കൈമാറിയിരുന്നതായാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയിട്ടുള്ളത്. ഫെനി ബാലകൃഷ്ണന്റെ മൊഴി പൂർണ്ണമായും രേഖപെടുത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗണേഷ്‌കുമാറിനെ തേജോവധം ചെയ്യാനുള്ള നീക്കമായി ഇതിനെ കേരള കോൺഗ്രസ്സ് ബി പ്രതിരോധിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ്, തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിചാരണ നിർത്തി വയ്ക്കണമെന്ന് ഗണേഷ്‌കുമാറിന് വേണ്ടി കഴിഞ്ഞ ദിവസം കോടതിയിൽ അപ്പീൽ എത്തിയതും. ഇതിന്മേൽ ഈ മാസം 25 ന് വാദം നടക്കും. ഫെനി ബാലകൃഷ്ണനോടും അന്നേദിവസം കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
അതേ സമയം, കത്ത് തന്റെ കൈയിൽ കിട്ടിയിരുന്നതായി ശരണ്യമനോജ് 'മാധ്യമ'ത്തോട് വെളിപ്പെടുത്തി. എന്നാൽ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്നും ശരണ്യ മനോജ് ഒഴിഞ്ഞു മാറി. അഞ്ച് വർഷം മുൻപ് തലവൂരിൽ നടന്ന തദേശ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വച്ചാണ് ശരണ്യ മനോജ് ഗണേഷ്‌കുമാറിനെതിരെ തുറന്നു പറച്ചിൽ നടത്തിയത്. ഉമ്മൻചാണ്ടിയുടെ പേര് കൂട്ടിച്ചേർത്തതിന് പിന്നിലും, സരിതയെ കൊണ്ട് നിരന്തരം മൊഴിമാറ്റിച്ചതിന് പിന്നിലും ഗണേഷ്‌കുമാർ ആണെന്നായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ. റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.