ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഓണം വാരാഘോഷം ജില്ലതല ഉദ്‌ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘടനം ചെയ്യുന്നു

വയനാട്ടിൽ ഓണം വാരാഘോഷത്തിന് തുടക്കം

കൽപറ്റ: ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കൽപറ്റ പുതിയ ബസ്‍സ്റ്റാൻഡ് പരിസരത്ത് ഓണം വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍വതല സ്പര്‍ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്‍ക്കാണ് ജില്ല നേതൃത്വം നല്‍കുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതുവിപണികളിലെ വിലവർധന ശക്തമായി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സൈപ്ലസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവില്‍ സൈപ്ലസ് കോര്‍പറേഷനിലൂടെ 300 കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. പച്ചക്കറി സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കി. സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള സമ്പൂർണ തുകയും ആഗസ്റ്റ് 31നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

കല്‍പറ്റ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 45 കോടി രൂപ ചെലവില്‍ നിർമിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരല്‍മല, ടൗണ്‍ഷിപ് മേഖലകളിലെ കിടപ്പുരോഗികള്‍ക്ക് അക്ഷയപാത്ര ഫൗണ്ടേഷന്‍ നല്‍കുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ 50 കുട്ടികള്‍ക്ക് ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി നല്‍കുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു.

പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, നഗരസഭ ചെയര്‍പേഴ്സൻ പി. വിശ്വനാഥന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, അക്ഷയപാത്ര ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി പ്രതിനിധി വി.എസ്. വിനോദ് എന്നിവര്‍ സംബന്ധിച്ചു.

കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചു വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സൈക്കിൾ, ബുള്ളറ്റ് വിളംബര റാലി എന്നിവ നടത്തി. പുക്കോട് തടാകത്തിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഫ്ലാഗ്ഓഫ് ചെയ്തു. കൽപറ്റയിൽ സമാപന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബുള്ളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാജൻ ഫ്ലാഗ്ഓഫ് ചെയ്തു. കുന്നമ്പറ്റയിൽനടന്ന ഫുട്ബാൾ മത്സരങ്ങൾ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്‌ഘാടനം ചെയ്തു. വിളംബര ജാഥ, പൂക്കള മത്സരം, കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര, വടംവലി, സാംസ്കാരിക പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

********

സുൽത്താൻബത്തേരി: കേണിച്ചിറ വെൽഫെയർ സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനവും ഓണാഘോഷവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, വി.എം. സുന്ദർലാൽ, കെ.ജി. ബാബു, ജില്ലാ പഞ്ചായത്ത് മെംബർ അമൽ ജോയ്, ബ്ലോക്ക് അംഗം അതുൽ തോമസ്, പഞ്ചായത്ത് അംഗങ്ങളായ എ.വി. ജയൻ, എ.ഡി. പാർത്ഥൻ, വിൻസന്റ്, സിനേഷ് കുമാർ, കേണിച്ചിറ സ്റ്റേഷൻ എസ്.ഐ സന്തോഷ് എന്നിവർ സംസാരിച്ചു.

********

പടിഞ്ഞാറത്തറ: ജില്ല ശിശുക്ഷേമ സമിതി കുറുമണി നായനാര്‍ സ്മാരക ട്രൈബല്‍ ലൈബ്രറിയുടെ സഹകരണത്തോടെ വരട്ട്യാല്‍കുന്ന് ഉന്നതിയില്‍ സംഘടിപ്പിച്ച ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രമ്യ പ്രഷോദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയില്‍, വാര്‍ഡ് മെംബര്‍ പി.എസ്. ശ്രീജിത്ത്, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍, ട്രഷറര്‍ കെ. സത്യന്‍, സമിതി ജോ. സെക്രട്ടറി ഷംസുദ്ദീന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, കെ.എന്‍. രവീന്ദ്രന്‍, എം.ജി. സതീഷ് കുമാര്‍, പി.കെ. ബെന്നി എന്നിവര്‍ സംസാരിച്ചു.

********

മേപ്പാടി: ലയൺസ് ക്ലബ് ജീവം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഓണ സദ്യ ഒരുക്കി. ലയൺസ് ക്ലബിന്റെ ജില്ലയിലെ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ഓണസദ്യ വിളമ്പിയത്. ഭാരവാഹികളായ സൂരജ്, ഡോ. പ്രസാദ്, ജില്ല സെക്രട്ടറി കെ.ആർ. ഷാജി എന്നിവർ നേതൃത്വം നൽകി.

കൽപറ്റ: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായ വിലയും ഉറപ്പാക്കാൻ നൂൽപുഴ കൃഷിഭവന്റ നേതൃത്വത്തിൽ നാല് ദിവസങ്ങളായി മൂലങ്കാവിൽ ആരംഭിച്ച ഓണച്ചന്ത നൂൽപുഴ ഗ്രാമ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി ചെയർപേഴ്സൻ നസീറ ഇസ്മായിലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. ജയ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക വികസന സമിതി അംഗം കെ.എൻ. എബി, പടശേഖര സമിതി സെക്രട്ടറി പൗലോസ്, സുരേന്ദ്രൻ, കൃഷി ഓഫിസർ ഡോ. ബി. ശ്രീനയന, അസിസ്റ്റന്റ് കൃഷി ഓഫിസർ പി.എച്ച്. അഷറഫ് എന്നിവർ സംസാരിച്ചു.

********

മേപ്പാടി: മാരിയമ്മൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, പുലികളി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര എന്നിവ നടന്നു. ഭാരവാഹികളായ സുബ്രഹ്മണ്യൻ ചെമ്പോത്തറ, കെ. ബാബു, എൻ.പി. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

********

തലപ്പുഴ: തലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഓണം ആഘോഷിച്ചു. ജീവനക്കാരുടെ വിവിധ കലാകായിക പരിപാടികളും അരങ്ങേറി. എസ്.എച്ച്.ഒ ശ്രീധു, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. തോമസ്, അനില്‍, എ.എസ്.ഐമാരായ വിജയലക്ഷ്മി, റോയ്‌സണ്‍ എന്നിവര്‍ നേതൃത്വം നൽകി.

Tags:    
News Summary - Wayanad Onam Week Celebrations Begin: Minister T. Siddique Emphasizes Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.