പടിഞ്ഞാറത്തറ ടൗൺ വികസനം; തടസ്സമായി ബാണാസുര സാഗർ പദ്ധതി കെട്ടിടങ്ങൾ
പടിഞ്ഞാറത്തറ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനംപിടിച്ച പടിഞ്ഞാറത്തറ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ടൗണിന്റെ വികസനത്തിന് പ്രധാന തടസ്സമായി ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫിസും ക്വാർട്ടേഴ്സും ഉൾപ്പെടുന്ന രണ്ടര ഏക്കറോളം സ്ഥലം. പടിഞ്ഞാറത്തറ ടൗണിന്റെ ഹൃദയഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറത്തറയിൽ ദിനേനെ ആയിരക്കണക്കിന് ആളുകളാണ് ബാണാസുര ഡാം സന്ദർശിക്കുന്നതിനും മറ്റുമായി എത്തുന്നത്.
നൂറുകണക്കിന് നാട്ടുകാർ ദിനേനെ ബന്ധപ്പെടുന്ന പടിഞ്ഞാറത്തറ ടൗണിൽ സൗകര്യപ്രദമായ ബസ്സ്റ്റാൻഡോ മറ്റു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനമോ ഇല്ലാതെ വീർപ്പുമുട്ടുകയാണ്.
നേരത്തേ ബാണാസുര സാഗർ പദ്ധതിക്ക് അനുമതി ലഭിക്കാൻ അന്നത്തെ സർക്കാർ ബാണാസുരസാഗർ ജലസേചന പദ്ധതി എന്ന രീതിയിൽ തുടങ്ങിയ പദ്ധതി 30 വർഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. ഡാം കമീഷൻ ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയാണ് സർക്കാറിന് വരുമാനം ലഭിക്കുന്നത്. എന്നാൽ ഗ്രാമപഞ്ചായത്തിന് ഒരു രൂപപോലും വിനോദ നികുതിയോ മറ്റു ടാക്സുകളോ ലഭിക്കുന്നില്ല. ഡാമിന്റെ വേസ്റ്റ് മാനേജ്മെന്റ് ഉൾപ്പെടെ ചെയ്യുന്നത് ഗ്രാമപഞ്ചായത്ത് ആണ്.
ബാണാസുര സാഗർ ജലസേചന പദ്ധതിക്ക് വർഷങ്ങൾക്കു മുമ്പ് പടിഞ്ഞാറത്തറ ടൗണിന്റെ ഹൃദയഭാഗത്ത് ഏതാണ്ട് രണ്ടര ഏക്കറയോളം സ്ഥലത്ത് ആരംഭിച്ച ഓഫിസും ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള കോട്ടേഴ്സുമാണ് ഇവിടെയുള്ളത്. കൃഷി ആവശ്യങ്ങൾക്ക് വെള്ളം നൽകേണ്ട പദ്ധതി ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
പല സ്ഥലങ്ങളിലും കനാൽ പ്രവർത്തിയുടെ പ്രയാസം മൂലം ജനങ്ങൾ ഏറെ പ്രയാസപ്പെടുന്നു. മെയിൻ കനാലിന്റെ കോൺക്രീറ്റ് പോലും പൂർത്തിയാക്കാതെ സബ് കനാലുകൾക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ, സബ്കനാലുകളുടെ പ്രവൃത്തിയും എവിടെയും എത്തിയിട്ടില്ല. പദ്ധതി കമീഷൻ ചെയ്യേണ്ട കാലാവധിയും മേൽനോട്ടം വഹിക്കുന്ന ഓഫിസിന്റെ കാലാവധിയും കഴിഞ്ഞെങ്കിലും പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ദുരിതം പേറുന്നത് പ്രദേശവാസികളാണ്.
ഗ്രാമപഞ്ചായത്തിന് സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ ദിനേനെ നിരവധി ബസുകൾ കയറിയിറങ്ങുന്ന നിലവിലുള്ള സ്റ്റാൻഡ് വീർപ്പുമുട്ടുകയാണ്. ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജലസേചന വകുപ്പിന്റെ സ്ഥലം പകുതി പഞ്ചായത്തിന് നൽകിയാൽ ടൗണിൽ വിപുലമായ ബസ്സ്റ്റാൻഡും മറ്റു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കാൻ കഴിയും. ടൗണിലെ ഗതാഗതകുരുക്കും ഒഴിവാകും.
ഡിപ്പാർട്ട്മെന്റിന്റെ ബാക്കിയുള്ള സ്ഥലത്ത് ഇതിന്റെ ഓഫിസും ക്വാർട്ടേസുകളും പ്രവർത്തിക്കുവാനുള്ള സൗകര്യവുമുണ്ട്. ടൗൺ നവീകരണത്തിന് ഇറിഗേഷൻ വകുപ്പിന്റെ കൈയിലുള്ള പകുതി സ്ഥലം ഗ്രാമപഞ്ചായത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാനാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.