പാടി ആർട്ടിന്റെ ഭാഗമായി നെൽചെടികളിൽ ഒരുക്കിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചിത്രം
പാഡി ആർട്ട്; നെൽച്ചെടികളിൽ ഇത്തവണ രാഷ്ട്രപതിയുടെ വിസ്മയ ചിത്രം
കൽപറ്റ: മാഞ്ഞുകൊണ്ടിരിക്കുന്ന വയനാടന്‍ നെൽകാഴ്ചകളെ ഓർമകൾക്ക് വിട്ടുകൊടുക്കാതെ നെല്ലും നെൽകൃഷിയും നെൽപാടങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ സുൽത്താൻ ബത്തേരി സ്വദേശി പ്രസീദ് കുമാറിന്റെ പാടത്ത് ഇത്തവണ നെൽചെടികളിൽ ഒരുക്കിയത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വിസ്മയ ചിത്രം.
മൂന്നൂറിനിലധികം നെൽവിത്തിനങ്ങൾ കൃഷിചെയ്ത് പേരെടുത്ത പ്രസീദ്, പാഡി ആർട്ടിന്റെ ഭാഗമായാണ് ദ്രൗപദി മുർമുവിന്റെ മുഖം പാടത്ത് വിരിയിച്ചത്. നമ്പിക്കൊല്ലി കഴമ്പുവയലിലുള്ള നെൽപാടത്ത് 30 സെന്റ് സ്ഥലം തിരിച്ചാണ് പാഡി ആർട്ട് ഒരുക്കിയത്. 30 അടി വീതിയിലും 40 അടി നീളത്തിലും കളം ഒരുക്കി അതിൽ ദ്രൗപദി മുർമുവിന്റെ മുഖം ആലേഖനം ചെയ്ത് വിവിധ നിറങ്ങളിൽ കതിരിടുന്ന നെല്ല് നടുകയായിരുന്നു. നസർബാത്ത്, ഡാബർ ശാല, ആത്മിക, ജീരകശാല, ഗന്ധക ശാല, കൃഷ്ണ കൗമോദ്, കാലാ ബത്തി എന്നിങ്ങനെ ഏഴിനം നെൽവിത്തുകളാണ് ഇതിനായി ഉപയോഗിച്ചത്.
ആർട്ടിസ്റ്റുമാരായ എ വൺ പ്രസാദ്, പ്രമോദ്, സാബു, ദീദി, മജീദ്, വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പാഡി ആർട്ട് പൂർത്തിയാക്കിയത്. തൊഴിലാളികളായ യശോദ, ബീനു, രാധാമണി തുടങ്ങി 16 പേർ ചേർന്നാണ് പാടി ആർട്ടി ഒരുക്കുന്നതിന് ഞാറു നട്ടത്. തുടർച്ചയായ പന്ത്രണ്ടാമത്തെ വർഷമാണ് പ്രസീദിന്റെ നേതൃത്വത്തിൽ പാഡി ആർട്ട് ഒരുക്കുന്നത്. നെൽവിത്ത് കർഷകനെന്ന നിലയിൽ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം 2023ൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പ്രസീദ് ഏറ്റുവാങ്ങിയിരുന്നു. പാഡി ആർട്ട് ചിത്രം രാഷ്ട്രപതിക്ക് അയച്ചുനൽകുമെന്ന് പ്രസീദും ഭാര്യ വിശ്വപ്രിയയും പറഞ്ഞു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ സഹായത്തോടെ രാജ്യത്തെ 350 ഇനം നെല്ലിനങ്ങളുമായി ബത്തേരിയിൽ മ്യൂസിയം ആരംഭിച്ചതോടെയാണ് പ്രസീദ് ശ്രദ്ധനേടുന്നത്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന പാടി ആർട്ടിനെ ഇന്ത്യയിലേക്ക് എത്തിച്ച പ്രസീദ്കുമാർ 12 വർഷമായി വിവിധ നിറങ്ങളിൽ വളരുന്ന നെൽച്ചെടികൾ സ്വന്തം പാടത്ത് നട്ടുവളർത്തിയാണ് പാടി ആർട്ട് ചെയ്യുന്നത്. ഒരോ വർഷവും വ്യത്യസ്തമായണ് അദ്ദേഹം പാടി ആർട്ട് അവതരിപ്പിക്കുക.
30 സെന്റിൽ ഓരോന്നിനും ആവശ്യമായ നിറങ്ങളുള്ള നെൽചെടികൾ വളർത്തി നിശ്ചിത ചിത്രത്തിന്റെ ആകൃതിയിൽ ഞാറ് നട്ടാണ് പാടി ആർട്ട് ഒരുക്കുന്നത്. ഇന്ത്യയുടെ ഭൂപടം, ഗുരുവായൂർ കേശവൻ എന്ന ആന, ശ്രീബുദ്ധൻ, യേശുക്രിസ്തു, മക്ക-മദീന, അത്തപ്പൂക്കളം, സ്വാമി വിവേകാനന്ദൻ, നരേന്ദ്ര മോദി തുടങ്ങിയവ മുൻവർഷങ്ങളിൽ പാടി ആർട്ടിന്റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.