പ്രിയങ്ക ഗാന്ധി പങ്കുവെച്ച ചിത്രം
'എന്റെ മലയാളി അച്ഛന് വിട'; പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: വയനാടിന്റെ കാർഷിക പൈതൃകത്തിന്റേയും തദ്ദേശീയ വിത്തിനങ്ങളുടെ സംരക്ഷണത്തിന്റേയും കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമന്റെ (75) നിര്യാണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി എം.പി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. വയനാടിന്റെ സ്വന്തം 'നെല്ലച്ഛനെ' നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഓരോ മലയാളിയെയും കണ്ണീരിലായ്ത്തുന്നുണ്ട്.
താൻ ചെറുവയൽ രാമനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതൽ അദ്ദേഹം തന്നെ സ്വന്തം മകളെപ്പോലെയാണ് സ്നേഹിച്ചതെന്ന് പ്രിയങ്ക ഗാന്ധി അനുസ്മരിക്കുന്നു. സ്നേഹത്തോടെയും ആദരവോടെയും താൻ അദ്ദേഹത്തെ 'മലയാളി അച്ഛൻ' എന്നാണ് വിളിച്ചിരുന്നത്. ഒരു മാസം മുമ്പ് ഇരുവരും സംസാരിച്ചപ്പോൾ തന്നെ കാണാൻ വരാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരക്കുകളും കാരണം ആ കൂടിക്കാഴ്ച സാധ്യമാകാതെ പോയതിലുള്ള തീവ്രമായ ദുഃഖവും പ്രിയങ്ക പങ്കുവെച്ചു. "പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്ന് കരുതി യാത്ര വെട്ടിച്ചുരുക്കി മടങ്ങി; എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി" -പ്രിയങ്ക കുറിച്ചു.
ജ്ഞാന സമ്പന്നനും ധീരനുമായ വ്യക്തിത്വമായിരുന്നു ചെറുവയൽ രാമന്റേതെന്ന് പ്രിയങ്ക വിശേഷിപ്പിക്കുന്നു. സമൂഹത്തിലെ വിവേചനങ്ങളും അനീതികളും അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. തന്റെ ജനതക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ കഴിയാത്ത കാലത്തോളം തനിക്ക് ലഭിച്ച അംഗീകാരങ്ങൾക്കൊന്നും യാതൊരു വിലയുമില്ലെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക ഓർക്കുന്നു. തന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനം കൊണ്ടിരുന്ന അദ്ദേഹം, അവസാന ശ്വാസം വരെ തദ്ദേശീയ വിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു.
വയനാട് മാനന്തവാടി കമ്മനയിലെ വീട്ടിലിരുന്ന് കേരളത്തിന്റെ തനിമയുള്ള 45ലധികം അപൂർവ്വ നെൽവിത്തുകളാണ് ചെറുവയൽ രാമന്റെ നേതൃത്വത്തിൽ സംരക്ഷിക്കപ്പെട്ടത്. രാസവളപ്രയോഗങ്ങൾ ഒഴിവാക്കി തികച്ചും ജൈവരീതിയിലുള്ള കൃഷിരീതിയാണ് അദ്ദേഹം പിൻതുടർന്നത്. കർഷക സമൂഹത്തിന് നൽകിയ ഈ അമൂല്യ സംഭാവനകൾ മാനിച്ച് 2023ൽ രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന പരമോന്നത പുരസ്കാരമായ 'പത്മശ്രീ' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.