നാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിൽ
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ലാറിസ്റ്റൻ എസ്റ്റേറ്റ് ഭാഗത്ത് രണ്ടുതൊഴിലാളികളെ കൊന്നുതിന്നശേഷം ഒരുമാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. വെള്ളിയാഴ്ച പുലർച്ച ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ മേൽ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരാണ് ആദ്യം കടുവയെ കണ്ട് വനം വകുപ്പിന് വിവരം നൽകിയത്.
വനംവകുപ്പ് അധികൃതർ ഉടനെത്തി കടുവയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആനക്യാമ്പിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുപോയി. കാമറ ദൃശ്യങ്ങൾ, കാൽപ്പാടുകൾ എന്നിവ പരിശോധിച്ച് പിടികൂടിയത് നരഭോജി കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ച ശേഷം തുടർനടപടി സ്വീകരിക്കുകയായിരുന്നു. ഒമ്പത് വയസ്സുള്ള ആൺ കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. കടുവയെ ചികിത്സക്കു ശേഷം വണ്ടലൂർ മൃഗശാലയിലേക്കോ, കർണാടകയിലെ ബന്നാർഘട്ട വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്കോ മാറ്റും.
കടുവയെ പിടിക്കാൻ ജില്ല വനം ഓഫിസർ ദേവരാജിന്റെ നേതൃത്വത്തിൽ വൻദൗത്യം നടന്നു വരികയായിരുന്നു. സെപ്റ്റംബർ ഒമ്പതിന് പുലർച്ച ബാരത്തിന് അടുത്തുള്ള അണ്ണാനഗറിൽ സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലിയാണ് കുടുങ്ങിയത്. പിന്നീട്, ഇതിനെ സുരക്ഷിതമായി കാട്ടിൽ തുറന്നുവിട്ടു. പിന്നീട് കടുവയുടെ സഞ്ചാരപഥം മാറിയതോടെ ഗൂഡല്ലൂർ, മേലെ ഗൂഡല്ലൂർ, മുതുമല കടുവ സങ്കേതം ഉൾപ്പെടെയുള്ള ഭാഗത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് ഭാഗത്ത് കടുവ കൂട്ടിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.