ആന്റോയുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

മാനന്തവാടി: അബ്കാരി കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാൻഡിലായ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ മാനന്തവാടി ജില്ല ജയിലിൽ തന്നെ കഴിയേണ്ടിവരും.

ഇന്നലെയാണ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെ ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് വൻമദ്യശേഖരം പിടിച്ച സംഭവത്തിലാണ് നടപടി.

കൊച്ചിയിൽ എക്സൈസ് വകുപ്പ് അറസ്റ്റുചെയ്ത ആന്റോയെ മീനങ്ങാടിയിൽ അസി. എക്സൈസ് കമീഷണറുടെ ഓഫിസിലാണ് ആദ്യം എത്തിച്ചത്. അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്. വാഴവറ്റയിലുള്ള കുടുംബവീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എക്സൈസ് സംഘം പരിശോധിച്ചതോടെ ഉടമ ആന്റോ അഗസ്റ്റിനാണെന്ന് തെളിഞ്ഞതോടെയാണ് വകുപ്പുകൾ ചുമത്തിയത്.

ബുധനാഴ്ച വീട്ടിൽ നടത്തിയ റെയ്ഡിൽ 67 ലിറ്റർ മദ്യം, 43 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചരലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടെ എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഒരാൾക്ക് മൂന്നുലിറ്റർ വിദേശമദ്യവും 3.5 ലിറ്റർ വൈനുമാണ് നിയമപരമായി സൂക്ഷിക്കാൻ കഴിയുക.

നിലവിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതിപട്ടികയിൽ ഉള്ളത്. അതേസമയം, മദ്യപിക്കാറില്ലെന്നും വീട്ടിൽ എങ്ങിനെ മദ്യം എത്തി എന്നത് സംബന്ധിച്ച് അറിയില്ലെന്നും ആന്റോ അഗസ്റ്റിൻ ഇന്നലെ മീനങ്ങാടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചുമണിക്കൂർ നീണ്ട മൊഴിയെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷമാണ് വൈകീട്ടോടെ ബത്തേരി കോടതിയിൽ ഹാജരാക്കിയത്.

ആന്റോയുടെ അഭിഭാഷകൻ ഒന്നരമണിക്കൂർ ജാമ്യത്തിനായി വാദിച്ചിരുന്നു. മദ്യം പിടിച്ച വീട് ആന്റോയുടെ പേരിലല്ലെന്നും 2022ൽ ഒരുസ്ത്രീക്ക് നൽകിയതാണെന്നും ആന്റോ ഇവിടെ താമസിക്കുന്നില്ലെന്നുമാണ് വാദിച്ചത്. എന്നാൽ, 2025ൽ ഈ വീട് ആന്റോയുടെ പേരിലാണ് എന്ന രേഖ പ്രോസിക്യൂഷൻ ഹാജരാക്കുകയായിരുന്നു.

ലയണൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിയിൽ ഒരുപകലും രാത്രിയും നീണ്ട പരിശോധനക്കൊടുവിൽ റെയ്ഡിന് നേതൃത്വം നൽകിയ തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ മടങ്ങിയതിനു പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ചാനൽ ഓഫിസിലെത്തിയത്.

എക്സൈസ് അസി. കമീഷണർ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിൽ ആന്റോ ഉറച്ചുനിന്നു. സോഫ്റ്റ് കോപ്പി കാണിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാറാണ് എഫ്.ഐ.ആർ കോപ്പിയുമായെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആലുവ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കു ശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Liquor stock at home: Reporter TV MD Anto Augustine's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.