ചൂടിൽ ഉരുകി നാട് ഇത് മഴയില്ലാ മഴക്കാലം; ഏറ്റവും കുറവ് മഴ വയനാട്ടിൽ
കൽപറ്റ: മഴക്കാലമായിട്ടും വയനാട്ടിൽ മഴ മാത്രമില്ല. എന്നാൽ, ചൂടോട് ചൂടാണ് താനും. കഴിഞ്ഞ ചില ദിവസങ്ങളിൽ മാനം ഇരുണ്ടെങ്കിലും മഴമാത്രം ബാക്കിനിന്നു. നിലവിൽ ഉച്ചയോടെ ചുട്ടുപൊള്ളുകയാണ് വയനാട്. രാവിലെ മഞ്ഞുമൂടി തണുപ്പുണ്ടെങ്കിൽ രാത്രികാലങ്ങളിൽ ഫാനില്ലാതെ ഉറങ്ങാനാകാത്ത സ്ഥിതിയാണ്. മഴക്കാലം മൂന്നുമാസം പിന്നിടുമ്പോൾ വയനാട്ടിൽ 37% മഴക്കുറവുണ്ടെന്നാണ് കാലാവസ്ഥ ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ പറയുന്നത്.
സംസ്ഥാനത്ത് ഈ മൺസൂൺ കാലത്ത് ഏറ്റവും കുറവ് മഴപെയ്തത് വയനാട്ടിലാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും മഴ കാര്യമായികുറഞ്ഞു. ഇനിയും മഴ കുറയുമെന്നാണു സൂചന. ഇക്കൊല്ലം വേനൽമഴ ലഭിക്കാത്തതും പ്രതിസന്ധി വർധിക്കാനിടയായി. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളിൽ ഇക്കൊല്ലം വേണ്ടത്ര മഴയില്ല. കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴകുറഞ്ഞത് അയൽ സംസ്ഥാനങ്ങളിലും ജലലഭ്യത ഇല്ലാതാക്കി. മഴക്കാലമെന്ന തോന്നലുണ്ടാക്കിയതും വിരലിലെണ്ണാവുന്ന ദിനങ്ങളിലായിരുന്നെന്നു കർഷകർ പറയുന്നു. വയനാടൻ കൃഷി മേഖലക്കും കടുത്ത തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്.
കബനി നദിക്കരികിലുള്ള പുൽപള്ളി മേഖലയിലെ പാടങ്ങളിൽ പോലും വെള്ളമില്ലാത്തതിനാൽ കൃഷി വൻപ്രതിസന്ധിയിലാണ്. ഹ്യൂം സെന്ററിന്റെ കണക്കുപ്രകാരം, ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിൽ ജില്ലയിൽ ആകെ ലഭിച്ചത് 1391 മില്ലിമീറ്റർ ശരാശരി മഴ മാത്രമാണ്. ഈ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 2200 മില്ലിമീറ്റർ ആണെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതു കണക്കിലെടുക്കുമ്പോൾ 37% ശതമാനത്തിന്റെ കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. ജൂൺ, ജൂലൈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആഗസ്റ്റിൽ ഭേദപ്പെട്ട മഴ ലഭിച്ചത് ചെറിയൊരു ആശ്വാസമായെങ്കിലും മൺസൂണിൽ മൊത്തത്തിലുള്ള കുറവ് നികത്താൻ ഇതിനായിട്ടില്ല. വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം (3,986 മില്ലിമീറ്റർ), മട്ടിലയം (3,435 മില്ലിമീറ്റർ) എന്നീ പ്രദേശങ്ങളിലാണ്. തൊട്ടടുത്തായി വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിൽ 3730 മില്ലിമീറ്റർ മഴ ലഭിച്ചു. എന്നാൽ, മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ വെറും 383 മില്ലിമീറ്റർ മഴയും നൂൽപുഴ പഞ്ചായത്തിലെ കല്ലുമുക്കിൽ 404 മില്ലിമീറ്റർ മഴയും മാത്രമാണ് ഇക്കാലയളവിൽ ലഭിച്ചത്.
മുത്തങ്ങ മേഖലയിൽ 316 മില്ലിമീറ്റർ എന്ന ഏറ്റവും കുറഞ്ഞ മഴ ലഭ്യതയും രേഖപ്പെടുത്തി. മഴയുടെ അളവിൽ മാത്രമായിരുന്നില്ല വ്യതിയാനം. മൺസൂൺ പെയ്യുന്ന രീതിയിലും ആശങ്കാജനകമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരമ്പരാഗത മഴക്ക് പകരം ഉച്ചക്കു ശേഷം കേന്ദ്രീകരിച്ചു കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത തീവ്രതയോടെ പെയ്യുന്ന രീതിയാണ് ഇത്തവണ കണ്ടത്. ഇത്തരം മഴ വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ സമയം നൽകാതെ ഉപരിതലത്തിലൂടെ നേരിട്ട് ഒഴുകിപ്പോകാൻ ഇടയാക്കുന്നു. ഇത് അടുത്ത തവണ വരൾച്ചക്കും കാരണമാകുമെന്ന ആശങ്ക കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.