സെൻസസ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായ വികാസും പ്രഗതിയും കലക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ
കൽപറ്റ: ദേശീയ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള ഒരുക്കം ജില്ലയിൽ തകൃതി. കഴിഞ്ഞ ദിവസം ദേശീയ സെൻസസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങൾ കലക്ടറേറ്റിൽ അനാച്ഛാദനം ചെയ്തിരുന്നു. പ്രഗതി, വികാസ് എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഭാഗ്യചിഹ്നങ്ങൾ കലക്ടറേറ്റ് പ്രവേശന കവാടത്തിലുണ്ട്.
സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിലുള്ള സ്ത്രീയും പുരുഷനുമാണ് ഭാഗ്യ ചിഹ്നത്തിലുള്ള പ്രഗതിയും വികാസും. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വ്യാപകമായ സെൻസസ് ബോധവത്കരണത്തിൽ ഈ ഭാഗ്യചിഹ്നങ്ങൾ പ്രധാന പങ്കുവഹിക്കും. ജില്ലതല ഉദ്യോഗസ്ഥരുടെ സെൻസസ് പരിശീലനം നേരത്തെ തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. അടുത്തഘട്ടമായി മേയ് 28 മുതൽ ജൂൺ 23വരെ എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനം നടക്കും.
മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍ സെല്‍ഫ് എന്യുമറേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. കുടുംബനാഥനോ കുടുംബനാഥയ്‌ക്കോ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഏതെങ്കിലും കുടുംബാംഗത്തിനോ വിവരങ്ങള്‍ നല്‍കാം. പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കിയാല്‍ വീട് സ്ഥിതിചെയ്യുന്ന സ്ഥലം മാപ്പില്‍നിന്ന് തെരഞ്ഞെടുക്കണം. അതിന് ശേഷം വിവരശേഖരണത്തിനുള്ള സെന്‍സസ് ചോദ്യാവലി ദൃശ്യമാവും. കുടുംബാംഗങ്ങളുടെ പൊതുവായ വിവരങ്ങളും വീടിന്റെ അവസ്ഥയും വീട്ടില്‍ ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുമുള്ള ലളിതമായ ചോദ്യങ്ങളാണുണ്ടാവുക. ഇവക്ക് കൃത്യമായ ഉത്തരം നല്‍കണം.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ 11 അക്ക ഐ.ഡി ലഭിക്കും. എസ്.എം.എസ് വഴിയും ഈ ഐ.ഡി ലഭ്യമാവും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഈ സെല്‍ഫ് എന്യുമറേഷന്‍ ഐ.ഡി അവര്‍ക്ക് കൈമാറണം. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിനും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തവണത്തെ സെന്‍സസ് നടപടികളെല്ലാം പൂര്‍ണമായും കടലാസ് രഹിതമാണ്. വിവിധ തലങ്ങളിലെ ഏകോപനത്തിന് സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിട്ടറിങ് സിസ്റ്റം എന്ന പോര്‍ട്ടല്‍ ആണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ സെന്‍സസ് പ്രവത്തനങ്ങളുടെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുന്നത് ഈ പോര്‍ട്ടലിലൂടെയായിരിക്കും.
സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതു വിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്.
പരമാവധിപ്പേർ സെൽഫ് എന്യുമറേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫിസറായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ല സെൻസസ് ഓഫിസർ എ.ഡി.എം എ. ജയശ്രീ എന്നിവർ അഭ്യർഥിച്ചു.
വീടുകളില്‍ സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വന്തമായി തന്നെ പ്രത്യേക പോര്‍ട്ടലില്‍ നല്കാന് കഴിയുന്ന സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ആദ്യഘട്ട വിവരശേഖരണം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം ആരംഭിക്കും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരശേഖരണം ആരംഭിക്കുന്നതിന് മുമ്പ് സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം അവസാനിക്കുകയും ചെയ്യും. കേരളത്തില്‍ ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്വന്തം കുടുംബത്തിന്റെ വിവരങ്ങള്‍ നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.