തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ സമഗ്രശിക്ഷ വിദ്യാഭ്യാസ പദ്ധതിയുടെ കോടിക്കണക്കിന് രൂപ ഫണ്ട് തടഞ്ഞ വിവാദം നിലനിൽക്കെ, പദ്ധതി നടത്തിപ്പ് അവലോകനത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 22, 23 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും സ്പെഷൽ സെക്രട്ടറി സജിത്ത് ബാബുവും പങ്കെടുക്കും. കേരളത്തിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട പി.എം. ശ്രീ കരാറിൽ മുന്നോട്ടു പോകുന്നതിൽ ശിപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് നൽകാനിരിക്കെയാണ് നിർണായക യോഗം കേന്ദ്രസർക്കാർ വിളിച്ചത്.
പി.എം. ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ വിവിധ വർഷങ്ങളിലായി സമഗ്രശിക്ഷ പദ്ധതിയുടെ 1,100 കോടിയിലധികം രൂപയുടെ ഫണ്ടാണ് കേന്ദ്രം തടഞ്ഞത്. പദ്ധതി അവലോകനത്തിന് കേന്ദ്രം യോഗം വിളിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയം ശക്തമായി ഉന്നയിക്കും. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യുന്ന ‘പ്രഗതി’ (പ്രോ-ആക്ടിവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ) സംവിധാനത്തിന്റെ ഭാഗമാണ് അവലോകനം. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനാണ് അവലോകന വേദിയെന്നു ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രി ഷംസുദ്ദീന് അയച്ച കത്തിൽ പറയുന്നു. അവലോകന പ്രക്രിയ ശക്തിപ്പെടുത്താൻ കേന്ദ്ര മന്ത്രാലയം, സംസ്ഥാനതലം, ജില്ലതലം എന്നിങ്ങനെ ത്രിതല സംവിധാനമാണുള്ളത്.
ജൂലൈ 29ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രഗതി അവലോകന യോഗത്തിന് മുന്നോടിയായാണ് സംസ്ഥാന മന്ത്രിമാരുടെ യോഗം വിളിച്ചത്. സമഗ്രശിക്ഷക്ക് പുറമെ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയായ ‘പി.എം പോഷൺ’ അവലോകനവും നടക്കും. കേരളത്തിൽ പി.എം. ശ്രീ രാഷ്ട്രീയ വിവാദം കൂടിയായ സാഹചര്യത്തിൽ അവലോകന യോഗം നിർണായകമാണ്. സമഗ്രശിക്ഷ ഫണ്ട് തടയുകയും സ്കൂൾ വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് കേരളം പി.എം. ശ്രീയിൽ ഒപ്പിട്ടത്. കേന്ദ്രസർക്കാർ അവലോകന യോഗം വിളിച്ച സാഹചര്യത്തിൽ അതിനുശേഷമേ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.