ക​ബ​നി ന​ദി

ബൈരക്കുപ്പ പാലം; കർണാടകയുടെ സമ്മതപത്രം അനിവാര്യം

പുൽപള്ളി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം പദ്ധതിക്ക്‌ വർഷങ്ങൾക്കുശേഷം വീണ്ടും ജീവൻ വെച്ചെങ്കിലും നിർമാണമടക്കമുള്ള കാര്യങ്ങൾ തുടങ്ങണമെങ്കിൽ കർണാടകയുടെ നിരാക്ഷേപ പത്രം അനിവാര്യം. പദ്ധതിക്ക് കേന്ദ്രസർക്കാറിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ പ്രദേശത്ത് കഴിഞ്ഞദിവസം ദേശീയപാതാവിഭാഗം (എൻ.എച്ച്), ഇൻവെസ്റ്റിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തിയിരുന്നു. കോഴിക്കോട്ടുനിന്നുള്ള ഉദ്യോഗസ്ഥ സംഘം പെരിക്കല്ലൂരിലെത്തിയാണ് പ്രദേശം സന്ദർശിച്ചത്.

ബൈരക്കുപ്പ പാലം പ്രദേശത്ത് സന്ദർശനം നടത്തിയ ദേശീയപാതാവിഭാഗം, ഇൻവെസ്റ്റിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ

 ഉദ്യോഗസ്ഥ സംഘം പുഴകടന്ന് കർണാടകയിലെ ബൈരക്കുപ്പയിലും സന്ദർശനം നടത്തി. കബനി പുഴയുടെ ഇരുകരകളിൽനിന്നും റോഡിലേക്കുള്ള ദൂരം ഉദ്യോഗസ്ഥർ അളന്ന് പരിശോധിച്ചു. കേരള അതിർത്തിയിൽ, റോഡിൽനിന്ന്‌ പുഴയിലേക്ക് 30 മീറ്ററും കർണാടക അതിർത്തിയിൽ റോഡിൽനിന്ന്‌ പുഴയിലേക്ക് 80 മീറ്റർ ദൂരവുമുണ്ട്. പാലം കടന്ന് കർണാടകയിലെത്തിയശേഷം സഞ്ചരിക്കേണ്ട പ്രധാന റോഡുകളും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.

കൊടുവള്ളി എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയർ കമലാക്ഷൻ പാച്ചേരിയുടെ നേതൃത്വത്തിൽ അസി. എക്സിക്യൂട്ടിവ് എൻജിനിയർ നിതിൻ ലക്ഷ്മണൻ, അസി. എൻജിനിയർ കെ.ആർ. രാഗേഷ്, ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി കോഴിക്കോട് രാജി വർഗീസിന്റെ നേതൃത്വത്തിൽ അസി. എക്സിക്യൂട്ടിവ് എൻജിനിയർ കെ. ഷീബ, ഓവർസിയർമാരായ രാജീവ്, പ്രണവ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് സ്ഥലസന്ദർശനം നടത്തിയത്. കഴിഞ്ഞമാസം പകുതിയോടെ ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ സംഘം പെരിക്കല്ലൂരിൽ സംയുക്തപരിശോധന നടത്തിയിരുന്നു.

കർണാടക സർക്കാറിൽനിന്നുള്ള നിരാക്ഷേപപത്രം കൂടി ലഭിച്ചാൽ മാത്രമേ പദ്ധതിക്കായുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനാവുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കബനി നദിക്ക് കുറുകെ കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം നിർമിക്കുന്നതിനായി 49 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്രസർക്കാറിന്റെ അംഗീകാരം ഈ മാസം ആദ്യം ലഭിച്ചിരുന്നു. 160 മീറ്റർ നീളത്തിലുള്ള പാലമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഈയടുത്ത് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ അറിയിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. ബംഗളൂരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ മന്ത്രിസഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ. ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം, കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.

1994 സെപ്റ്റംബർ 22ന് കേരള, കർണാടക മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും സംയുക്തമായാണ് പാലത്തിന് തറക്കല്ലിട്ടത്. തുടർന്ന്, 2002 മാർച്ച് 15ന് കേന്ദ്ര ഷിപ്പിങ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരവും നൽകി. കേരളഭാഗത്തെ അപ്രോച് റോഡ് ഇതിനകം പൂർണമായി പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമാണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

കർണാടകയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്കെത്തിച്ചേരാനും പാലം വന്നാൽ കഴിയും. കർണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവർത്തനങ്ങൾക്ക് പാലം ഏറെ ഗുണകരമാകും. കാർഷിക, ബിസിനസ് അവസരങ്ങൾ വർധിക്കും. 

Tags:    
News Summary - Byrakuppa Bridge; Karnataka's consent is essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.