‘കനിപ്പന്തൽ- ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറിയിൽ കൃഷി മന്ത്രി ടി. സിദ്ദീഖ് നിർവഹിക്കുന്നു
കൽപറ്റ: സംസ്ഥാനത്തെ സ്കൂളുകളിലെല്ലാം ഇനി ഫലവൃക്ഷത്തോട്ടങ്ങൾ. കുട്ടികളെല്ലാം നല്ല കർഷകരുമാകും. വിദ്യാലയങ്ങളില്‍ ഫലവൃക്ഷത്തോട്ടങ്ങള്‍ വളര്‍ത്തി വിദ്യാർഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമുള്ള കനിപ്പന്തൽ പദ്ധതി സംസ്ഥാനത്ത് തുടങ്ങി. സംസ്ഥാന കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്‍ഡറി സ്കൂളിൽ കൃഷി മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു. സ്വകാര്യ-പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും’. പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിർ ക്ലബ്ബുകൾ രൂപവത്കരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും. ആദ്യ ഘട്ടത്തില്‍ 500 സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും ക്ലബ്ബ് പ്രവർത്തനങ്ങളില്‍ ഭാഗമാവുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാന്‍ വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്കൂളുകളിലായി 143 യൂനിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂനിറ്റുകൾ മുഖേന കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ വകുപ്പ് നടപ്പാക്കും. 2026 വനിത കർഷക വർഷാചാരണത്തോടനുബന്ധിച്ച് അഞ്ച് വർഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നൽകി. തരിശ് ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി സാധ്യമാവുന്ന വിളകൾ കൃഷി ചെയ്യാന്‍ സർക്കാർ എല്ലാ സഹായവും നൽകും. കർഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സർക്കാർതലത്തില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇവ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കനിപ്പന്തൽ- ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തിരിച്ചറിഞ്ഞുള്ള കൃഷിരീതികൾ കണ്ടെത്തുകയും അനുസൃതമായ പദ്ധതികൾ രൂപവത്കരിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫലപോഷണ ഉദ്യാനങ്ങൾ സ്ഥാപിക്കുകയാണ് കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, നാരകം തുടങ്ങിയ ഫലവൃക്ഷത്തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കും. കാർഷിക പദ്ധതി എന്നതിലുപരി ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ ശീലങ്ങളിൽനിന്ന് വിദ്യാർഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്കാരത്തോടും ചേർത്ത് നിർത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂനിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും. കതിർ ക്ലബ്ബ് വഴിയും ഗ്രീൻ കേഡറ്റ് കോർപ്സ് വഴിയും വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തി വിദ്യാലയങ്ങളിൽ കനിപ്പന്തലുകൾ ഉയരും.
ഉഷ വിജയൻ എം.എൽ.എ വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൻ എസ്. സൗമ്യ മികച്ച വിദ്യാർഥി കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ വിദ്യാർഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു.
കൽപറ്റ-മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ഹനീഫ, മീനാക്ഷി രാമൻ, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡയറക്ടർ എസ്. ആശ, കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ രാജി വർഗീസ്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രഫസർ എം.വി. ശ്രീരേഖ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.ജെ. സീമ, ആത്മ പ്രൊജക്ട് ഡയറക്ടർ എ.ആർ. സുരേഷ്, എസ്.കെ.എം.ജെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, പ്രധാനാധ്യാപകൻ എം.പി. കൃഷ്ണകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.