പാലക്കാട്: വാളയാറിൽ 'ബംഗ്ലാദേശി' എന്ന് മുദ്രകുത്തി ആൾക്കൂട്ടം മർദിച്ചുകൊന്ന ദലിത് അതിഥി തൊഴിലാളി രാം നാരായൺ ബാഗേലിന്റെ കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാർ കർശന ഇടപെടൽ നടത്തണമെന്ന് കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു. തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ കുടുംബം നീതിക്കായുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ അന്വേഷണത്തിലെ ഗുരുതര വീഴ്ചകളുടെ തെളിവാണ്. കേസിൽ അടിയന്തരമായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും, തെറ്റുകൾ തിരുത്തി കുറ്റമറ്റ രീതിയിൽ പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) ആൾക്കൂട്ട കൊലപാതകം തടയുന്ന വകുപ്പായ 103(2) പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിൽ ഒന്നാണിത്. എങ്കിലും അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ വലിയ കാലതാമസവും വീഴ്ചകളും സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് കുടുംബവും ആക്ഷൻ കൗൺസിലും നടത്തിയ ശക്തമായ ഇടപെടലുകളാണ് നടപടികൾ വേഗത്തിലാക്കാൻ കാരണമായത്. അതിനിടെ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രാം നാരായണിന്റെ കുടുംബത്തിന് അധികമായി 8.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കേരളത്തിന് പുറത്തുള്ളവർക്ക് ഇവിടെവെച്ച് അതിക്രമം നേരിട്ടാൽ നഷ്ടപരിഹാരം നൽകുന്നതിലെ നിയമപരമായ തടസ്സം മറികടന്നാണ് ഈ തീരുമാനം. ഇത് ദലിത് അതിക്രമങ്ങൾ നേരിടുന്നവർക്ക് വലിയൊരു ആശ്വാസമാണെന്ന് ആക്ഷൻ കൗൺസിൽ വിലയിരുത്തി.
2025 ഡിസംബർ 17-നാണ് വാളയാറിൽ വെച്ച് രാം നാരായൺ ബാഗേൽ ക്രൂരമായി കൊല്ലപ്പെട്ടത്. ബി.ജെ.പി പ്രവർത്തകരടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. കേസിൽ നീതി ഉറപ്പാക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.